നിഹാരിക കെ എസ്|
Last Modified ശനി, 5 ഒക്‌ടോബര്‍ 2024 (14:24 IST)
ദിവസവും കുളിക്കുക എന്നത് മലയാളികളെ സംബന്ധിച്ച് ഒഴിച്ച് കൂടാൻ പറ്റാത്ത കാര്യമാണ്. രാവിലെയും വൈകിട്ടും ശരീര ശുദ്ധി വരുത്തുന്നവരാണ് മലയാളികൾ. രണ്ട് നേരം സാധിച്ചില്ലെങ്കിൽ ഒരിക്കലെങ്കിലും കുളിക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഷവറിൽ നിന്നുള്ള വെള്ളത്തിൽ കുളിക്കുമ്പോൾ മുടി കൊഴിയുമോ എന്ന സംശയം വ്യാപകമാണ്. എന്നാൽ, സംഭവം അങ്ങനെയല്ല.
ബലക്ഷയമുളള മുടിയിഴകളാണ് പെട്ടെന്ന് നഷ്‌ടമാകുന്നത്. കുളി കഴിഞ്ഞ് അമിത ശക്തിയോടെ തല തുവർത്തുന്നതും മസാജ് ചെയ്യുന്നതും ബലക്ഷയമുള്ള മുടി നഷ്ടമാകാൻ കാരണമാകും. ഇത്തരം പ്രശ്നമുള്ളവർ ഷവറിന് ചുവട്ടിൽ കുളിക്കുമ്പോൾ മുടിക്ക് കട്ടി ഇല്ലാത്തതിനാൽ അത് കൊഴിയും. ശക്തമായി വെള്ളം തലയിലേക്ക് പതിക്കുന്നതിനാലാണ് ബലക്ഷയമുളള മുടിയിഴകൾ കൊഴിയുന്നത്.
മുടി നഷ്‌ടമാകുന്നു എന്ന തോന്നലുള്ളവർ മൃദുവും പല്ലുകൾ തമ്മിലുള്ള അകലം കൂടിയിട്ടുള്ളതുമായ ചീപ്പുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇതോടൊപ്പം, ആരോഗ്യമുള്ള മുടിയിഴകൾ ഉണ്ടാകുന്നതിനായി ഇലക്കറികൾ ധാരാളം കഴിക്കുക. കൂടാതെ, അനാവശ്യമായ അളവിൽ ഷാമ്പൂ ഉപയോഗിക്കാതിരിക്കുക.