ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണസാധനം അപ്പോള്‍ തന്നെ ചൂടാക്കി കഴിക്കരുത്; അറിഞ്ഞിരിക്കാം ദോഷങ്ങള്‍

ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജില്‍വച്ച് ഉപയോഗിക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല

രേണുക വേണു| Last Modified തിങ്കള്‍, 25 ജൂലൈ 2022 (13:19 IST)

ഭക്ഷണസാധനങ്ങള്‍ കേടാകാതിരിക്കാനാണ് നാം ഫ്രിഡ്ജ് ഉപയോഗിക്കുന്നത്. പാചകം ചെയ്ത ശേഷം രണ്ടോ മൂന്നോ ദിവസത്തേക്ക് അതേ ഭക്ഷണം തന്നെ ഫ്രിഡ്ജില്‍ വച്ച് ആവശ്യാനുസരണം ചൂടാക്കി കഴിക്കുന്നത് പതിവാണ്. എന്നാല്‍, അങ്ങനെ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുക്കുന്ന ഭക്ഷണസാധനങ്ങള്‍ ഉടന്‍ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും. എന്ത് ഭക്ഷണ സാധനങ്ങള്‍ ആണെങ്കിലും ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്താല്‍ കുറച്ച് നേരം കഴിഞ്ഞേ പാചകം ചെയ്യുകയോ ചൂടാക്കി കഴിക്കുകയോ ചെയ്യാന്‍ പാടുള്ളൂ. അതായത് ഫ്രിഡ്ജില്‍ നിന്നെടുക്കുന്ന സാധനങ്ങള്‍ പുറത്ത് വച്ച ശേഷം അത് റൂം താപനിലയിലേക്ക് തിരിച്ചെത്തണം. അതിനുശേഷം മാത്രമേ ചൂടാക്കാവൂ.

മാത്രമല്ല ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജില്‍വച്ച് ഉപയോഗിക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല. പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ ഭക്ഷണപാത്രം തുറന്നുവയ്ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അലുമിനിയം ഫോയില്‍ കൊണ്ടോ പാത്രത്തിന്റെ അടപ്പ് കൊണ്ടോ അടച്ചുവയ്ക്കണം. ഇറച്ചി, മീന്‍ തുടങ്ങിയവ ഫ്രീസറില്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക കവറുകളിലാക്കി നന്നായി പൊതിഞ്ഞ ശേഷം വേണം ഉപയോഗിക്കാന്‍. മുട്ടകള്‍ വയ്ക്കുമ്പോള്‍ ഫ്രീസറിന്റെ തൊട്ടുതാഴെ വയ്ക്കുന്നത് നല്ലതല്ല. തണുപ്പ് കൂടി മുട്ട പൊട്ടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ മുട്ട ഫ്രിഡ്ജിന്റെ മധ്യ ഭാഗത്തായി സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാല്‍ തൈര്, വെണ്ണ, പാല്‍, ചീസ് മുതലായവ തണുപ്പ് കൂടുതലുള്ള ഫ്രിഡ്ജിന്റെ മുകള്‍ തട്ടിലാണ് സൂക്ഷിക്കേണ്ടത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :