രേണുക വേണു|
Last Modified തിങ്കള്‍, 6 മാര്‍ച്ച് 2023 (10:03 IST)
Cholera Symptoms and Remedies: മലിനമായ ജലസ്രോതസുകളില്‍ നിന്നും ഭക്ഷണത്തില്‍ നിന്നും പകരുന്ന അസുഖമാണ് കോളറ. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. ഒരു ലക്ഷത്തോളം ആളുകള്‍ എല്ലാ വര്‍ഷവും കോളറ മൂലം മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. ശുചിത്വം പാലിക്കുകയാണ് കോളറയെ പ്രതിരോധിക്കാന്‍ ആദ്യം വേണ്ടത്. വിബ്രിയോ കോളറ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ജലജന്യ രോഗമാണ് കോളറ.
കോളറ രോഗിയെ പരിചരിക്കുന്ന വ്യക്തി മലമൂത്ര മാലിന്യങ്ങള്‍ കൈകാര്യം ചെയ്തതിനു ശേഷം സോപ്പിട്ട് കൈ കഴുകിയില്ലെങ്കില്‍ രോഗവ്യാപനം ഉണ്ടാകും. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു മിക്കവാറും 1-2 ദിവസത്തിനകം അസുഖമുണ്ടാകുന്നു.
കടുത്ത ഛര്‍ദ്ദി, വയറിളക്കം, ക്ഷീണം എന്നിവയാണ് കോളറുടെ പ്രധാന ലക്ഷണങ്ങള്‍. കഞ്ഞിവെള്ളം പോലെയുള്ള മലമാണ് കോളറയുടെ പ്രത്യേകത. കോളറയുള്ളവരില്‍ നിര്‍ജലീകരണം പെട്ടന്ന് സംഭവിക്കുകയും ശരീരം തളരുന്നത് പോലെ തോന്നുകയും ചെയ്യും. നിര്‍ജലീകരണം തടയുകയാണ് കോളറയ്‌ക്കെതിരായ മികച്ച പ്രതിരോധ മാര്‍ഗം. ശുദ്ധ ജലം നന്നായി കുടിക്കണം. ഒ.ആര്‍.എസ്.ലായനി, ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പിട്ട മോരിന്‍ വെള്ളം എന്നിവ കുടിക്കണം. രോഗബാധയുണ്ടായാലും 75 ശതമാനം ആളുകളിലും ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല.