ജി ഇ ഭക്ഷ്യവസ്തു അപകടകാരി

ടി ശശി മോഹന്‍

WEBDUNIA|
ജനിതക എഞ്ചിനീയറിംഗ് വഴി ഉല്‍പാദിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കള്‍ ഭാവിയില്‍ കേരളത്തിന്‍റെ ആരോഗ്യ സ്ഥിതി താറുമാറാക്കുമെന്ന് പരിസ്ഥിതി സന്നദ്ധ സംഘടനയായ ഗ്രീന്‍ പീസ് മുന്നറിയിപ്പ് നല്‍കുന്നു.

ഇന്ത്യയുടെ കൃഷിയിടങ്ങളില്‍ ജനിതകമായി നിയന്ത്രിച്ച് ഉല്‍പാദിപ്പിക്കുന്ന വിളകളും ഭക്ഷ്യ വസ്തുക്കളും എല്ലാം ഉണ്ടാവാന്‍ തുടങ്ങിയാല്‍ അത് ഏറ്റവും അധികം ബാധിക്കുക ഭക്ഷണത്തിന് ഏതാണ്ട് പൂര്‍ണ്ണമായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തെയാവും.

ശാസ്ത്ര സംഘടനകളും പരിസ്ഥിതി സംഘടനകളും വളരെയേറെ എതിര്‍ത്തുവെങ്കിലും ഇന്ത്യയില്‍ ജനിതക എഞ്ചിനീയറിംഗ് അഥവാ ജി.ഇ വഴുതനങ്ങകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

ജി.ഇ ഭക്ഷ്യ വിളകളുടെ അനന്തര ഫലങ്ങള്‍ എന്ന വിഷയത്തെ കുറിച്ച് ഗ്രീന്‍ പീസിന്‍റെ ഒരു സംഘം കൊച്ചിയില്‍ ഒരു ശില്‍പശാല നടത്തിയിരുന്നു.അതില്‍ പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും പങ്കെടുത്തു.

ആഗോള വിത്ത് കോര്‍പ്പറേഷന്‍ കുറേക്കാലമായി ഇന്ത്യന്‍ കൃഷിയിടങ്ങളില്‍ കണ്ണ് വച്ചിരിക്കുകയാണ്. ഇന്ത്യയില്‍ ഇത്തരം വിത്തുകള്‍ക്ക് നല്ല വിപണിയുണ്ടെന്ന് അവര്‍ക്കറിയാം. ലോകത്തിലെ വന്‍ വിത്ത് കമ്പനിയായ മോണ്‍സാന്‍റോയുമായി ബന്ധപ്പെട്ട ഒരു കമ്പനി ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ ജി.ഇ വഴുതനങ്ങ ഉല്‍പാദിപ്പിക്കാവുന്നതിന്‍റെ സാധ്യതകള്‍ ആരാഞ്ഞു തുടങ്ങി.

ലോകത്തില്‍ ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ ഏറ്റവും അധികം ഉല്‍പാദിപ്പിക്കുന്ന വിളയാണ് വഴുതനങ്ങ. കേന്ദ്ര പരിസ്ഥിതി വന വകുപ്പ് മന്ത്രാലയത്തിലെ ജനറ്റിഗ് എഞ്ചിനീയറിംഗ് അപ്രൂവല്‍ കമ്മിറ്റിയുടെ പച്ചക്കൊടിക്കായി കാത്തുനില്‍ക്കുകയാണ് വന്‍ കമ്പനികള്‍.

ഒന്നു കണ്ണടച്ചാല്‍ മതി ജി.ഇ അരിയും ജി.ഇ ഗോതമ്പും ജി.ഇ പച്ചക്കറികളും എല്ലാം ഇന്ത്യന്‍ കൃഷിയിടങ്ങളില്‍ തഴച്ചു വളരും.

ജനിതക എഞ്ചിനീയറിംഗ് ഒരു പരീക്ഷണമാണ്. അത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വ്യക്തമായി നമുക്കറിയില്ല. അത് പരിസ്ഥിതിക്കും ഇന്ത്യയിലെ കൃഷിക്കാരന്‍റെ സാമ്പത്തിക സ്ഥിതിക്കും ഉണ്ടാക്കുന്ന പോറലുകള്‍ വേറെ.

ജി.ഇ അരി ഇപ്പോള്‍ തന്നെ ചീനയിലേയും ചില യൂറോപ്യന്‍ രാജ്യങ്ങളിലേയും ഭക്ഷ്യ ഷൃംഖലയെ മലീമസമാക്കി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ജി.ഇ അരി കൃഷി ചെയ്താല്‍ അത് കഴിക്കുന്നവരില്‍ ഭൂരിഭാഗവും കേരളീയരായിക്കും എന്ന് പറയേണ്ടതില്ലല്ലോ !.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :