ഓര്‍മ്മ നഷ്ടമായി പെരുമാറ്റ വൈകല്യത്തില്‍ വരെ ചെന്നെത്തുന്ന അല്‍ഷൈമേഴ്സ് രോഗം നേരത്തെ തന്നെ കണ്ടു പിടിക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ ശാസ്ത്രകാരന്‍മാര്‍.
രക്ത പരിശോധനയിലൂടെ അല്‍ഷൈമേഴ്സ് രോഗം നിര്‍ണ്ണയിക്കാന്‍ ആവുമെന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല ഗവേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. രക്ത പരിശോധനയിലൂടെ ഓര്‍മ്മ ശക്തി നശിച്ചു തുടങ്ങുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ രോഗം തിരിച്ചറിയാന്‍ കഴിയുന്നത് ചികിത്സയില്‍ വിപ്ലവകരമായ സാധ്യതകള്‍ തുറക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അല്‍ഷൈമേഷ്സ് രോഗികളുടെ രക്തവും അല്ലാത്തവരുടെ രക്തവും വേര്‍തിരിച്ച് അറിയുന്നതിന് നടത്തിയ പരീക്ഷണം 90 ശതമാനവും വിജയമായിരുന്നു എന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. അടുത്ത ആറ് വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ അല്‍ഷൈമേഴ്സിന് അടിമപ്പെടാവുന്ന രോഗികളെ തിരിച്ചറിയാന്‍ നടത്തിയ പരിശോധന 80 ശതമാനം കൃത്യത പുലര്‍ത്തി എന്നും ഗവേഷകര്‍ പറയുന്നു.
ഗവേഷണ ഫലങ്ങള്‍ ഓണ്‍ലൈന്‍ നേച്ചര്‍ മെഡിസിന്‍ ജേര്‍ണ്ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ നിലയില്‍ അല്‍ഷൈമേഴ്സ് തിരിച്ചറിയാന്‍ കൂടുതലായും ഡോക്ടര്‍മാരുടെ വിവേചന ശക്തിയെ ആണ് ആശ്രയിക്കുന്നത്.