മനുഷ്യരെ പേടിപ്പെടുത്തുന്ന രോഗമാണ് അര്‍ബുദം. അര്‍ബുദം മൂലം മരിക്കുന്നവരുടെ എണ്ണവും അധികമാണ്. ഈ രോഗം എത്രയോ കുടുംബങ്ങളെയാണ് കണ്ണീരില്‍ ആഴ്ത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തലുമായി സ്വീഡനിലെ കരോലിന്‍സ്ക ഇന്‍സ്റ്റിറ്റൂട്ടിലെ ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നത്. ദിവസവും അര മണിക്കൂര്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് അര്‍ബുദം ഉണ്ടാകാനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 34 ശതമാനം കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
ദിവസേനയുള്ള വ്യായാമം,നടത്തയോ സൈക്കിളിങ്ങോ ചെയ്യുന്ന മദ്ധ്യവയസ്കര്‍ക്ക് അര്‍ബുദം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്- ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ അലിക്ജ വോല്‍ക് പറഞ്ഞു.
നാല്‍പ്പത്തി അഞ്ചിനും 79 നും ഇടയ്ക്ക് പ്രായമുള്ള 40000 പുരുഷന്മാരിലാണ് പഠനം നടന്നത്. ഇവരുടെ ആരോഗ്യവും വ്യായാമവും മറ്റും പഠന വിധേയമാക്കി. ഏഴ് വര്‍ഷം ഇവരെ നിരീക്ഷിച്ച ശേഷമാണ് ഗവേഷകര്‍ പുതിയ നിഗമനത്തിലെത്തിയത്.
ഈ ഏഴ് വര്‍ഷങ്ങള്‍ക്കിടെ 3714 പേരെ അര്‍ബുദം ബാധിച്ചു. ഇതില്‍ 1153 പേര്‍ മരിച്ചു. വ്യായാമത്തിന് അര്‍ബുദത്തിന് മേല്‍ സ്വാധീനം ചെലുത്താനാകുമെന്ന് പഠനഥില്‍ തെളിയുകയും ചെയ്തു.
അതേസമയം, നടത്തയോ സൈക്കിളിംഗോ ഒരു മണിക്കൂര്‍ മുതല്‍ ഒന്നരമണിക്കൂര്‍ വരെ ചെയ്യുന്നവരില്‍ അര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യത 16 ശതമാനം വരെ കുറഞ്ഞിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.