വിവാഹേതരബന്ധത്തിന് പിന്നില്‍ ജനിതകഘടകം

ലോസ് ആഞ്ചലസ്| WEBDUNIA|

വിവാഹേതര ബന്ധങ്ങളില്‍ സ്ത്രീകളെ അത്ര കുറ്റപ്പെടുത്തേണ്ടെന്ന് പഠനം. വംശ മേന്മയ്ക്ക് വേണ്ടിയുള്ള പരിണാമ സമ്മര്‍ദ്ദങ്ങളാണ് അവിഹിത ബന്ധങ്ങളില്‍ ഏറെയും ഉണ്ടാക്കുന്നതെന്നാണ് ന്യൂ മെക്സിക്കോ സര്‍വ്വകലാശാലയിലെയും ലോസ് എഞ്ചലസ്സിലെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെയും വിദഗ്ധര്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഭാര്യമാരെ ലൈംഗികമായി തൃപ്തിപ്പെടുത്താനാവാത്ത പുരുഷന്മാര്‍ ആര്‍ത്തവ ഘട്ടത്തില്‍ പങ്കാളിയെ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. ലൈംഗികപരമായി ഭര്‍ത്താവ് മികവ് പുലര്‍ത്തുന്നില്ലെന്ന് പരാതിപ്പെടുന്ന സ്ത്രീകളില്‍ ഏറെയും ആര്‍ത്തവത്തിന് തൊട്ടു മുന്‍പുള്ള ദിനങ്ങളിലാണ് ഇതര പുരുഷന്മാരുമായി ഏറെ ആകര്‍ഷിക്കപ്പെടുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.

ലഭ്യതയും ആവശ്യവും തമ്മിലുള്ള അനുപാതമാണ് ലൈംഗിക വിപണിയെ നിയന്ത്രിക്കുന്നത്. അതിനാല്‍ ദീര്‍ഘകാല പങ്കാളിയില്‍ നിന്നും ഭിന്നമായി മികവുള്ള ജീനുകള്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന പുരുഷനിലേക്ക് സ്ത്രീയുടെ ശ്രദ്ധ പതിയുന്നു. ചരിത്രപരമായി നോക്കിയാല്‍ ദീര്‍ഘകാല പങ്കാളിയില്‍ നിന്നും സംരക്ഷണം നേടുകയും ജനിതിക മേന്മയ്ക്കായി പങ്കാളിയില്‍ നിന്നും ഇതരമായ മാര്‍ഗ്ഗങ്ങള്‍ ഇത്തരം സ്ത്രീകള്‍ പുലര്‍ത്തിയെന്ന് കാണാം - ഗവേഷകര്‍ വിവരിക്കുന്നു.

പങ്കാളിയിലുള്ള താല്‍പര്യക്കുറവോ സ്നേഹക്കുറവോ അല്ല ഇത്തരം വ്യതിചലനങ്ങള്‍ക്ക് പിന്നിലെന്ന് പഠനത്തില്‍ പങ്കാളിയായ കാലിഫോര്‍ണിയ സര്‍വ്വകലാശാല അസിസ്റ്റന്‍റ് പ്രഫസര്‍ മാര്‍ട്ടി ജി ഹസല്‍ട്ടണ്‍ പറയുന്നു. ജനിതക മേന്മയ്ക്കായുള്ള ഡാര്‍വിന്‍ സിദ്ധാന്തം ഇവിടെ പ്രസക്തമാണ്. പങ്കാളിയെ വിജയകരമായി സംരക്ഷിക്കാത്ത പുരുഷന്മാര്‍ നമ്മുടെ പൂര്‍വ്വികരാവുന്നില്ല - ഹസല്‍ട്ടണ്‍ പറയുന്നു.

ഇത് സംബന്ധിച്ച ആദ്യ പഠനത്തില്‍ പേരു വെളിപ്പെടുത്താത്ത ഒരു അമേരിക്കന്‍ സര്‍വ്വകലാശാലയിലെ 38 സ്ത്രീകളുടെ പ്രതികരണങ്ങളാണ് ഉപയോഗിച്ചത്. പങ്കാളികളിലുള്ള ലൈംഗിക അഭിനിവേശവും പങ്കാളിയല്ലാതെ ഇതര പുരുഷന്മാരുമായി അവര്‍ക്ക് തോന്നുന്ന അഭിനിവേശങ്ങളും 35 ദിനക്കുറിപ്പുകളായി രേഖപ്പെടുത്തി നല്കാനാണ് ഇവരോട് ആവശ്യപ്പെട്ടത്.

ഹസല്‍ട്ടണ്‍ നേതൃത്വം നല്‍കിയ രണ്ടാം ഘട്ടത്തിലെ പഠനത്തില്‍ ഇത്തരത്തില്‍ പങ്കാളിയുടെ ലൈംഗികാകര്‍ഷണം രേഖപ്പെടുത്തുന്നതിനൊപ്പം ആര്‍ത്തവ കാലഘട്ടത്തിലെ വൈകാരിക ആകര്‍ഷണങ്ങളും രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. ഈ പഠനത്തില്‍ 43 സ്ത്രീകളെയാണ് ഉള്‍പ്പെടുത്തിയത്. ജനുവരിയിലെ ഇവല്യൂഷന്‍ ആന്‍റ് ഹ്യൂമന്‍ ബിഹേവിയര്‍ ലക്കത്തില്‍ പ്രസിദ്ധപ്പെടുത്തിയ പഠനഫലങ്ങള്‍ ആദ്യ പഠനത്തിലെ കണ്ടെത്തലുകളെ പിന്തുണച്ചതായി ഹസല്‍ട്ടണ്‍ പറഞ്ഞു.

എന്നാല്‍ പാതിവ്രത്യമില്ലാതെയാണ് സ്ത്രീകളെ ജനതികമായി പ്രോഗ്രാം ചെയ്തിരിക്കുന്നതെന്ന് പഠന ഫലം അര്‍ത്ഥമാക്കുന്നില്ലെന്ന് പഠനത്തില്‍ പങ്കാളിയായ സ്റ്റീവന്‍ ഗാംഗ്സ്റ്റഡ് വിവരിക്കുന്നു.

സ്ത്രീകള്‍ ജനിതക നിര്‍ദ്ദേശങ്ങള്‍ പിന്തുടരുന്ന റോബോട്ടുകളല്ല. അവരുടെ ജൈവ, മാനസിക തലങ്ങളും ഇത്തരം നിലപാടുകളില്‍ പ്രധാന പങ്കു വഹിക്കുന്നു. ബന്ധങ്ങള്‍ സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഏറ്റുമുട്ടലുകളുടെ സങ്കലനമാണെന്നത് പോലെ ഇതും അതില്‍ ഒരു ഭാഗമാണെന്ന് മാത്രം. വിശ്വാസ വഞ്ചനയും അത്തരം തിരഞ്ഞെടുക്കലിന്‍റെ ഭാഗമാണ് - ഗവേഷകര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :