മഴക്കാലത്ത് അസുഖങ്ങള്‍ വരുത്തുന്ന ഭക്ഷണങ്ങള്‍

കഫക്കെട്ട്, ചുമ എന്നിവയ്ക്കെല്ലാം തൈര് കാരണമായേക്കാം

രേണുക വേണു| Last Modified തിങ്കള്‍, 1 ജൂലൈ 2024 (12:18 IST)

മഴക്കാലമെന്നാല്‍ ഒരുപാട് രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള കാലം എന്ന് കൂടി അര്‍ത്ഥമുണ്ട്. വിവിധ തരം പനികള്‍ മുതല്‍ ഛര്‍ദിയും വയറിളക്കവും വരെ മഴക്കാലത്ത് സാധാരണമാണ്. മഴക്കാലത്ത് ഭക്ഷണ കാര്യത്തില്‍ അതീവ ശ്രദ്ധ ചെലുത്തണം. ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് മഴക്കാലത്ത് പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.

മഴക്കാലത്ത് തൈര് കഴിക്കുന്നത് അത്ര നല്ലതല്ല. കഫക്കെട്ട്, ചുമ എന്നിവയ്ക്കെല്ലാം തൈര് കാരണമായേക്കാം. ആസ്മ, സൈനസ് എന്നീ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ മഴക്കാലത്ത് തൈര് ഒഴിവാക്കണം. ഐസ്‌ക്രീം, ഐസ് വാട്ടര്‍ എന്നിവയുടെ ഉപയോഗം മഴക്കാലത്ത് തൊണ്ടയില്‍ അണുബാധയ്ക്ക് കാരണമാകും.

മഴക്കാലത്ത് അണുബാധയ്ക്ക് കൂടുതല്‍ സാധ്യതയുള്ളതിനാല്‍ കൂണ്‍ കഴിക്കരുത്. മഴക്കാലത്ത് കൂണില്‍ ബാക്ടീരിയ വളരാന്‍ സാധ്യത കൂടുതലാണ്.

തെരുവ് ഭക്ഷണമായ ചാട്ട്, ബേല്‍ പൂരി, പാനീ പൂരി എന്നിവ മഴക്കാലത്ത് ഒഴിവാക്കണം. മോശം വെള്ളം ഉപയോഗിച്ച് ഇവ പാകം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.

കടല്‍ മത്സ്യങ്ങള്‍ മഴക്കാലത്ത് അമിതമായി കഴിക്കരുത്. മഴക്കാലം അവയുടെ പ്രജനന കാലഘട്ടമാണ്.

ചിക്കന്‍, മട്ടണ്‍, ബീഫ് തുടങ്ങിയ നോണ്‍ വെജ് വിഭവങ്ങളും മഴക്കാലത്ത് അമിതമായി കഴിക്കരുത്, ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇറച്ചി വിഭവങ്ങള്‍ കഴിക്കുകയാണെങ്കില്‍ നന്നായി വേവിക്കാന്‍ ശ്രദ്ധിക്കുക.

മഴക്കാലത്ത് പച്ചക്കറികള്‍ നന്നായി വേവിച്ച് കഴിക്കണം. മഴക്കാലത്ത് ഇലക്കറികള്‍ ഒഴിവാക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :