ത്രീഡി സിനിമക്കൊപ്പം ചെങ്കണ്ണ് ഫ്രീയോ!

മുംബൈ| WEBDUNIA|
PRO
PRO
നിങ്ങള്‍ ഒരു കാണാന്‍ തീരുമാനിക്കുന്നു. അതും തിയേറ്ററില്‍ കയറി ഒരു ത്രീഡി സിനിമ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് കണ്ണുകളില്‍ ചൊറിച്ചിലും വേദനയും ഉണ്ടാകാം. കാരണം, സിനിമ അറുബോറനായി കാശു പോയതിന്റെ വിഷമം കൊണ്ടായിരിക്കില്ല. നിങ്ങള്‍ സിനിമ കാണാന്‍ പോകുമ്പോള്‍ ത്രീഡി ഇഫക്‌റ്റുകള്‍ സുവ്യക്തമാക്കാന്‍ തീയറ്ററുകാര്‍ തരുന്ന കണ്ണടയാണ് ഇവിടെ വില്ലനാകുന്നത്. ഇത് കണ്ടെത്തിയിരിക്കുന്നത് ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനാണ്.

സിനിമാ തിയേറ്ററുകളില്‍ ഉപയോഗിക്കുന്ന ത്രീഡി കണ്ണടകള്‍ ചെങ്കണ്ണ് പരത്തുന്ന പ്രധാന സ്രോതസ്സുകളാണെന്നാണ് കോര്‍പറേഷന്റെ ഏറ്റവും പുതിയ നിഗമനം. സ്‌റ്റെറിലൈസ് (അണുവിമുക്തമാക്കിയ) ചെയ്ത കണ്ണടകള്‍ കാഴ്ചക്കാര്‍ക്ക് നല്‍കാനോ അല്ലെങ്കില്‍ കണ്ണടകള്‍ വലിച്ചെറിയാനോ ആണ് കോര്‍പറേഷന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എന്നാല്‍, ത്രീഡി കണ്ണടകള്‍ വലിച്ചെറിയുക എന്നത് പ്രായോഗികമല്ലെന്നാണ് തിയേറ്ററുകാരുടെ പക്ഷം. ഇതിന്റെ വില തന്നെ കാരണം. 300 മുതല്‍ 1,000 രൂപ വരെ വരും സാധാരണ ത്രീഡി ഗ്ലാസിന്റെ വില. ഇത് ഓരോ തവണയും വാങ്ങുക തിയേറ്റര്‍ ഉടമകള്‍ക്ക് സാധ്യമാകണമെന്നില്ല. അതിനാല്‍ കാഴ്ചക്കാരായ നമ്മള്‍ തിയേറ്ററിലേക്ക് പോകുന്നതിന് മുന്‍പ് തൊട്ടടുത്തുള്ള കടയില്‍ കയറി ഗ്ലാസ് വൃത്തിയാക്കുന്നതിനാവശ്യമായ ഒരു സാനിറ്റൈസര്‍ കയ്യില്‍ കരുതുന്നതാണ് ബുദ്ധി. അല്ലെങ്കില്‍ കണ്ണിന്റെ നല്ല നടപ്പു പ്രമാണിച്ച് ത്രീഡി പടങ്ങള്‍ കാണില്ല എന്ന പ്രതിജ്ഞ എടുക്കുക.

ഇനി ചെങ്കണ്ണിനെക്കുറിച്ച് ചിലത്. സാധാരണ കേള്‍ക്കാറുളള ഒരസുഖമാണെങ്കിലും ചെങ്കണ്ണ് തീരെ നിസാരക്കാരനല്ല. കണ്ണുകള്‍ തമ്മില്‍ രോഗം പരത്തുന്നു എന്ന മിക്കവര്‍ക്കുമുള്ള ധാരണ തികഞ്ഞ അവാസ്തവമാണ്. രോഗിയുടെ കണ്ണില്‍ നോക്കുന്നത് കൊണ്ടൊരിക്കലും ചെങ്കണ്ണ് പകരുന്നില്ലെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നു. രോഗിയുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കം മൂലമാണ് ഇത് പകരുന്നത്. രോഗി ഉപയോഗിക്കുന്ന ടവ്വല്‍, തോര്‍ത്ത് മുണ്ട്, കണ്ണടകള്‍ തുടങ്ങിയവ ഉപയോഗിക്കുമ്പോളാണ് പൊതുവേ രോഗം മറ്റൊരാള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ടാണ് തിയേറ്ററിലെത്തുന്ന ചെങ്കണ്ണ് രോഗി വെക്കുന്ന ത്രീഡി ഗ്ലാസ്സുകള്‍ തുടര്‍ന്നെത്തുന്നവരിലേക്കും രോഗം പടര്‍ത്തുന്നത്.

രോഗം കടുത്ത മാരകമൊന്നുമല്ലെങ്കിലും കണ്ണിന് ചുവപ്പും ചൊറിച്ചിലും വേദനയും കാരണം രോഗി ക്ഷമയുടെ നെല്ലിപ്പലക കാണുന്നു. രോഗം വന്നാല്‍ കണ്ണിന് പൂര്‍ണ വിശ്രമം നല്‍കേണ്ടി വരുന്നു. രോഗം മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പു വരുത്താനും രോഗികള്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. ചുരുക്കത്തില്‍ നീര്‍ക്കോലി കടിച്ചാലും മതി അത്താഴം മുടങ്ങാന്‍. ഇനി ആലോചിക്കുക. കണ്ണ് വേണോ, സിനിമ വേണോ? അല്ല, കണ്ണ് വേണോ ‘ത്രീഡി’ സിനിമ വേണോ എന്ന്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :