ഉറക്കക്കുറവ് മൂലം കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? രാത്രി മുഴുവന്‍ തിരിഞ്ഞും മറിഞ്ഞും കിടന്ന് സമയം ചെലവിടേണ്ടിവരുന്നുണ്ടോ? എങ്കില്‍ അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ നിരവധി രോഗങ്ങള്‍ നിങ്ങള്‍ക്കെതിരെ വില്ലന്‍ വേഷം കെട്ടിയാടുമെന്നതിന് സംശയമില്ല!
നമ്മള്‍ ശ്രദ്ധിക്കാതെ വിട്ടുകളയുമെങ്കിലും, ഉറക്കമില്ലായ്മ വളരെ ഗൌരവമര്‍ഹിക്കുന്ന ഒരു പ്രശ്നമാണ്. നിങ്ങള്‍ മാത്രമല്ല, നിരവധി ആളുകളാണ്, പ്രത്യേകിച്ചും നഗരങ്ങളില്‍, ഇന്‍സോമ്നിയ മൂലം കഷ്ടപ്പെടുന്നത്. ഉറക്കമില്ലായ്മയ്ക്ക് അമിതവണ്ണം, ഹൃദ്രോഗങ്ങള്‍ തുടങ്ങി മറ്റ് നിരവധി രോഗങ്ങളുമായി ബന്ധമുണ്ട്.
ഒരു നിശ്ചിത ഉറക്കസമയം കണ്ടെത്തുന്നതും അത് നിലനിര്‍ത്തിപ്പോരുന്നതും ഒരു പക്ഷേ ഏറെ സഹായകരമാകും. എന്നാല്‍ ആഴ്ചയിലെ അവസാന ദിവസം വൈകിക്കിടക്കുന്നതും അടുത്ത ദിവസം വൈകി എണീക്കുന്നതും നിങ്ങളുടെ ഉറക്കക്രമം തെറ്റിക്കും. ഞായറാഴ്ച ഏറെ വൈകി ഉണരുന്നത് തിങ്കളാഴ്ച രാവിലെ നേരത്തെ ഉണരുന്നതില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കും. പതിവിലും ഒരു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങാതിരിക്കുക. നിങ്ങള്‍ ഏറെ ക്ഷീണിതനാണെങ്കില്‍ ഒരു ചെറുമയക്കമാകാം.
പങ്കാളി കൂര്‍ക്കം വലിക്കുന്നത് മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്നുള്ള പരാതിയാണ് പിന്നെ സാധാരണയായി കേട്ടുവരുന്നത്. കൂര്‍ക്കം വലിയുടെ ശബ്ദം 90 ഡെസിബല്‍ വരെയാകാം. ഇത് നിങ്ങളെ ഇടയ്ക്കിടെ ഉണര്‍ത്തിക്കൊണ്ടിരിക്കും. പങ്കാളിയെ അയാള്‍ക്ക് അല്ലെങ്കില്‍ അവള്‍ക്ക് ഉചിതമായ വശത്തേക്ക് ചരിഞ്ഞുകിടക്കാന്‍ അനുവദിക്കുക, പ്രശ്നം പരിഹരിക്കുന്നതിന് എത്രയും പെട്ടന്ന് ഒരു ഡോക്ടറുടെ സഹായം തേടുക.
വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി, അടുക്കും ചിട്ടയുമില്ലാത്ത ഒരു ബെഡ്‌റൂം നിങ്ങളുടെ ഉറക്കത്തെ ബാധിക്കുമെന്നത് ഒരു വസ്തുതയാണ്. മേശപ്പുറത്തോ തറയിലോ കുന്നുകൂടിയും ചിതറിയും സാധനങ്ങള്‍ കിടക്കുന്നുണ്ടോ, എങ്കില്‍ ശ്രദ്ധിക്കുക അസ്വസ്ഥമായ ചുറ്റുപാട് നമ്മുടെ മനസ്സിനേയും അസ്വസ്ഥമാക്കും. മാനസിക സംഘര്‍ഷമാണ് ഉറക്കക്കുറവിനുള്ള ഒരു പ്രധാന കാരണം. വസ്തുക്കള്‍ അടുക്കിവയ്ക്കാന്‍ കുറച്ചു സമയം ചെലവഴിക്കുക. കഴിയുമെങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറോ ലാപ്‌ടോപ്പോ മറ്റൊരു മുറിയില്‍ വയ്ക്കുക.
നിങ്ങളുടെ ബെഡ്‌റൂം തീര്‍ത്തും ഇരുട്ടാക്കുക എന്നതാണ് നല്ല ഉറക്കം ലഭിക്കാന്‍ ചെയ്യാവുന്ന ഒരു കാര്യം. തെരുവു വിളക്കുകള്‍, അലാറം ക്ലോക്ക്, കമ്പ്യൂട്ടര്‍ തുടങ്ങിയവയില്‍ നിന്ന് വരുന്ന വെളിച്ചം നിങ്ങളുടെ ഉറക്കത്തിന് തടസ്സം സൃഷ്ടിക്കും. രാത്രി നിങ്ങള്‍ കണ്ണടച്ചിരിക്കുമ്പോള്‍ ഒരു ചെറിയ വെളിച്ചത്തിന് പോലും നിങ്ങളുടെ റെറ്റിനയില്‍ പ്രവേശിക്കാനാകുമെന്നും നിങ്ങളുടെ തലച്ചോറിനെ ഉണര്‍ത്തുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.
ആവശ്യമെങ്കില്‍ ജനാലകള്‍ക്ക് കര്‍ട്ടനിടുക. ഇതുപോലെ ചില ആളുകള്‍ക്ക് ചെറിയ തടസ്സം പോലും ഉറക്കത്തിന് തടസ്സം സൃഷ്ടിക്കും. വാഹനങ്ങള്‍ പോകുന്ന ശബ്ദം, ഉറക്കെ സംസാരിക്കുന്ന അയല്‍ക്കാര്‍, ടിവിയുടെ ശബ്ദം തുടങ്ങിയവ അവരുടെ ഉറക്കത്തെ സാരമായി ബാധിക്കും. വീട്ടിലെ ഏറ്റവും ശാന്തമായ മുറി കിടക്കുന്നതിനായി ഉപയോഗിക്കുക. നല്ല ഉറക്കം ലഭിക്കാന്‍ ഇത്രയും ചെയ്തു നോക്കൂ. ഉറക്കത്തെ കുറിച്ച് ഒരിക്കലും വേവലാതിപ്പെടേണ്ടി വരില്ല.