സജിത്ത്|
Last Modified ചൊവ്വ, 25 ജൂലൈ 2017 (14:11 IST)
കുട്ടികളെ സ്വയം പ്രാപ്തിയിലെത്തിക്കുകയെന്നത് ഏതൊരു മാതാപിതാക്കളുടേയും ഉത്തരവാദിത്വമാണ്. ഇതിനായി ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. എല്ലായ്പ്പോളും കുട്ടികളെ സ്വന്തം സുരക്ഷാവലയത്തില്‍ കൊണ്ടു നടക്കുന്ന ഒരുപാടു മാതാപിതാക്കളുണ്ട്. ഇതു ഒരു നല്ല കാര്യമല്ല എന്നതാണ് വസ്തുത. കുട്ടികള്‍ എല്ലായ്പ്പോളും തനിയെ സംരക്ഷിക്കാനാണ് പഠിയ്ക്കേണ്ടതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഒരു തരത്തിലള്ള ബുദ്ധിമുട്ടും അറിയിക്കാതെയാണ് താന്‍ കുട്ടികളെ വളര്‍ത്തുന്നതെന്ന വീമ്പു പറയുന്ന ധാരാളം രക്ഷിതാക്കളുണ്ട്. എന്നാല്‍ ജീവിത്തിന്റെ കഠിന യാഥാര്‍ത്ഥ്യങ്ങളോടു കുട്ടികള്‍ പൊരുത്തപ്പെടണമെങ്കില്‍ അല്‍പസ്വല്‍പം ബുദ്ധിമുട്ടുകളും അവര്‍ അറിഞ്ഞിരിക്കണം. കുട്ടികള്‍ക്ക് വാരിക്കോരി പണം നല്‍കുന്ന മാതാപിതാക്കളും ഒരു നയാപൈസ പോലും നല്‍കാത്തവരുമുണ്ട്. ഇതും രണ്ടും ശരിയായ പ്രവണതയല്ല.
അത്യാവശ്യത്തിനുള്ള പണം കുട്ടികള്‍ക്കു നല്‍കേണ്ടതാണ്. പണം നല്ല രീതിയില്‍ ചെലവഴിക്കാന്‍ പഠിപ്പിയ്ക്കുക എന്ന ഒരു ഉദ്ദേശ്യം കൂടി ഇതിനു പുറികിലുണ്ട്. തെറ്റുകള്‍ ചെയ്യുമ്പോള്‍ കുട്ടികളെ കഠിനമായ രീതിയില്‍ ശിക്ഷിക്കുകയോ ശകാരിക്കുകയോ ചെയ്യാന്‍ പാടില്ല. തെറ്റുകള്‍ എന്നത് മനുഷ്യസഹജമാണ്. ഇതില്‍ നിന്നായിരിക്കും അവര്‍ പലപ്പോഴും വലിയ ശരികള്‍ തിരിച്ചറിയുകയെന്നതാണ് യാഥാര്‍ത്ഥ്യം.
തെറ്റുകള്‍ക്ക് ശിക്ഷ നല്‍കാതെ വളരെ നല്ല രീതിയില്‍ നേരായ വഴി പറഞ്ഞു കൊടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെ സ്വന്തം അഭിപ്രായങ്ങള്‍ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും പാടില്ല. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും സ്വന്തമായി തീരുമാനങ്ങളെടുക്കുവാനുമുള്ള അവസരം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. സ്വയം പര്യാപ്തതയുള്ള ഒരു ഉത്തമപൗരനായി മാറാന്‍ ഇത്തരം കാര്യങ്ങളാണ് അവരെ സഹായിക്കുക.