ഓട്ടിസം വരുന്ന വഴി...

WEBDUNIA|
PRO
PRO
‘മൈ നെയിം ഈസ് ഖാന്‍’ ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറൂഖ് ഖാന്‍ ഓട്ടിസം രോഗിയായാണ് അഭിനയിക്കുന്നത്. ഈ രോഗത്തിന്റെ കാരണങ്ങളും രോഗപ്രതിരോധ ചികിത്സകളെയും സംബന്ധിച്ച് ആരോഗ്യമേഖല കൂടുതല്‍ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഓട്ടിസത്തിന്‍റെ ലക്‍ഷണങ്ങള്‍ നവജാത ശിശുക്കളില്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കുഞ്ഞിന് ഏതാണ്ട് ഒരു വയസ്സാകുമ്പോഴാണ് ഇതിന്‍റെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെടുന്നത്. ആദ്യത്തെ കുഞ്ഞിന് ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയെങ്കില്‍ പിന്നീടുണ്ടാകുന്ന കുഞ്ഞ് മാതാപിതാക്കളുടെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയരാകുക സ്വാഭാവികമാണ്. ജനിച്ചയുടനെ കുഞ്ഞിന് വിവിധ തരത്തിലുള്ള ടെസ്റ്റുകള്‍ക്ക് മാതാപിതാക്കള്‍ പ്രേരിപ്പിക്കപ്പെടും. എന്നാല്‍, ഇത് വെറുതെയാകുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്താനായത്.

ഓട്ടിസം ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള 25 കുഞ്ഞുങ്ങളേയും കുറവ് സാധ്യതയുള്ള 25 കുഞ്ഞുങ്ങളേയുമാണ് പഠനത്തിന് വിധേയരാക്കിയത്. ഈ കുഞ്ഞുങ്ങള്‍ക്ക് മൂന്ന് വയസ്സാകുന്നതുവരെ ഗവേഷകര്‍ ഇവരെ നിരന്തരം നിരീക്ഷിച്ചു. ഇവരുടെ സമ്പര്‍ക്കങ്ങള്‍, ആശയവിനിമയം, സംസാരം, കണ്ണുകളുടെ ചലനങ്ങള്‍ എന്നിവയെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചു.

ആദ്യത്തെ ആറ് മാസം ഗവേഷകര്‍ക്ക് യാതൊരു വ്യത്യാസവും കണ്ടെത്താനായില്ല. എന്നാല്‍ പന്ത്രണ്ടാം മാസം മുതല്‍ നേരിയ വ്യത്യാസങ്ങള്‍ ഇരു വിഭാഗത്തിലുള്ള കുഞ്ഞുങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങി. കണ്ണുകളുടെ ചലനത്തിലാണ് ആദ്യം വ്യത്യാസം കണ്ടു തുടങ്ങിയത്. പതിനെട്ടാം മാസമായപ്പോഴേക്കും ചിരിയിലും മറ്റും വ്യത്യാസം കൂടുതല്‍ പ്രകടമായി.

കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ സൈക്യാസ്ട്രി വിഭാഗം അധ്യാപകരാണ് പഠനം നടത്തിയത്. പെരുമാറ്റ രീതിയിലാണ് കുഞ്ഞുങ്ങള്‍ ആദ്യമായി വ്യത്യാസം പ്രകടിപ്പിച്ചു തുടങ്ങുക. ഇതു തന്നെ ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ കണ്ടെത്താനുള്ള സാധ്യത വിരളമാണ്.

ഓട്ടിസം സ്ഥിരീകരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ നിരന്തരമായ വര്‍ദ്ധനവാണ് നമ്മുടെ സംസ്ഥാനത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു പക്ഷേ ഇത് രോഗം കണ്ടെത്താനുള്ള മാര്‍ഗങ്ങളുടെ ലഭ്യതയായിരിക്കാം. മുമ്പ് കേരളത്തില്‍ ഓട്ടിസം ബാധിച്ചവരുടെ എണ്ണം 1000-ല്‍ ഒന്നായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 250-ല്‍ ഒന്നായി ഉയര്‍ന്നു.

ഓട്ടിസം ബാധിച്ച കുട്ടികളുടെ ചികില്‍‌സയ്ക്കും അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനുമായി നിരവധി സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ കണ്ടെത്തി ചികില്‍‌സിക്കുകയാണെങ്കില്‍ ഈ രോഗം ഒരു പരിധിവരെയെങ്കിലും ഭേദമാക്കാവുന്നതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :