ചിപ്പി പീലിപ്പോസ്|
Last Modified ചൊവ്വ, 10 ഡിസംബര്‍ 2019 (17:36 IST)
നാം ചുറ്റുപാടുകള്‍ക്കു ചുറ്റുമോ ചുറ്റുപാടുകള്‍ നമുക്കു ചുറ്റുമോ കറങ്ങുക, ബാലന്‍സ് നഷ്‌ടപ്പെടുന്നതുപോലെ വേച്ചുവേച്ചു പോവുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം പലര്‍ക്കും അനുഭവപ്പെടാറുണ്ട്. കേള്‍വിക്കുമാത്രമല്ല ചെവി ആവശ്യമുള്ളത്. ശരീരത്തിന്റെ ബാലന്‍സ് നില നിലനിര്‍ത്തുന്നതിനും ചെവി വളരെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ വളരെ സെന്‍സിറ്റീവായ ഒരു അവയവമാണ് ഇതെന്നു പറയാം.
ജീവിതത്തില്‍ ഒരിക്കലെങ്കിലും തലകറക്കമുണ്ടാകാത്തവരായി ആരുംതന്നെയുണ്ടാകില്ല. ചെവിക്കുള്ളില്‍ ഉണ്ടാകുന്ന തകരാറുകള്‍, തലച്ചോറിനുള്ളിലെ പ്രശ്‌നങ്ങള്‍, കണ്ണിന്റെ പ്രശ്‌നങ്ങള്‍, രക്‌തസമ്മര്‍ദത്തിലുണ്ടാവുന്ന വ്യത്യാസങ്ങള്‍, മരുന്നുകളുടെ അമിത ഉപയോഗം, മാനസികസമ്മര്‍ദം, വിളര്‍ച്ച, രക്‌തത്തിലെ ഗ്ലൂക്കോസ് നിലയിലെ ഉയര്‍ച്ച-താഴ്‌ച എന്നിങ്ങനെ പലവിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടും തലകറക്കം അനുഭവപ്പെടാറുണ്ട്. ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്ന ഭാഗത്തേക്കുള്ള രക്‌തസഞ്ചാരത്തിനു തടസം നേരിട്ടാലും തലകറക്കം ഉണ്ടാകാറുണ്ട്.
തലകറക്കം ഉണ്ടായ ഉടന്‍തന്നെ ഡോക്‌ടറെക്കണ്ട് ബി.പി. പരിശോധിക്കുകയാണ് നമ്മുടെ നാട്ടിലെ പതിവ്. എന്നാല്‍ രക്‌താതിമര്‍ദം പോലെതന്നെ കുറഞ്ഞ രക്‌തമര്‍ദവും വിളര്‍ച്ചയുമെല്ലാം തലകറക്കത്തിന് കാരണമായേക്കും. അമിതമായ മാനസിക സമ്മര്‍ദം ശരീരത്തിലെ ഹോര്‍മോണ്‍ നിലയില്‍ പ്രത്യേകിച്ച് അഡ്രിനാലിന്റെ നിലയില്‍ മാറ്റം വരുത്തും. സ്വയം നിയന്ത്രിത നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനരാഹിത്യം തലകറക്കത്തിന് കാരണമാകാറുണ്ട്.
തലകറക്കമുള്ളവര്‍ ഡോക്‌ടറുടെ അനുമതിയില്ലാതെ വാഹനങ്ങള്‍ ഓടിക്കുകയോ, ഉയര്‍ച്ചയും താഴ്‌ചയുമുള്ള ഗോവണി കയറുകയോ ഇറങ്ങുകയോ ചെയ്യുകയുമരുത്.