സജിത്ത്|
Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (16:45 IST)
പിന്നിട്ട ഭൂതകാലത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കാനോ വന്ന വഴി തിരിച്ചറിയാനോ ശ്രമിക്കാതെ ജീവിതത്തിന്റെ പുതിയ തലങ്ങളിലേക്ക് കയറിചെല്ലാനാണ് മനുഷ്യര്‍ വെപ്രാളപ്പെടുന്നത്‍. വിവര സാങ്കേതിക വിദ്യ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യന്‍ ഇരുന്ന ഇരുത്തത്തില്‍ വിരല്‍ തുമ്പില്‍ ലോകം കൈയ്യിലൊതുക്കുകയാണ്. പരമ്പരാഗതമായി നാം ഉപയോഗിച്ചു വന്നിരുന്ന പഴമയുടെ യശസ്സറ്റ പല പ്രവര്‍ത്തനങ്ങളും അടയാളങ്ങളും നമ്മെ കൈവിട്ട് പോയിരിക്കുകയാണ്.
ഗൃഹാതുരത്വമുണര്‍ത്തുന്ന പലതും നമ്മളില്‍ നിന്നും മറഞ്ഞുപോയി. വല്ലതും അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അത് ഓര്‍ത്തെടുക്കാന്‍ ആര്‍ക്കും സമയവുമില്ല. നാട്ടുകാരുടെയും നാടിന്റെയും ആശ്രയവും ആശയും
അവലംബവുമായിരുന്ന എസ്.ടി.ഡി ബൂത്തുകള്‍ ഇന്നില്ല. എല്ലാ വെള്ളിയാഴ്ച്ചകളില്‍ ഗള്‍ഫിലേക്ക് വിളിക്കുന്നതിനും സംസാരിക്കാനുമായി വരിനിന്നിരുന്ന ഒരുകാലം നമുക്കുണ്ടായിരുന്നു. എല്ലാം ഇന്ന് വെറും ഓര്‍മകള്‍ മാത്രമായി മാറി.
എന്നാല്‍ മഴ വരുന്ന സമയത്ത്, അല്ലെങ്കില്‍ മിന്നല്പിണരുകള്‍ കാണുമ്പോള്‍ നാം ആദ്യം ഓർത്തെടുക്കുക, കുട്ടികാലത്തെ കടലാസ്സു തോണികളെകുറിച്ചാണ്. അതായത് പുസ്തകത്തിലെ പേജ് പറിച്ചെടുത്ത് തോണി ഉണ്ടാക്കിയിരുന്ന ആ ഒരു ബാല്യകാലം. ഒരിക്കലും തിരിച്ചുവരില്ലെന്ന് നമുക്കറിയാമെങ്കിലും അതെല്ലാം ഇപ്പോഴും നമുക്ക് സുഖമുള്ള ഓര്‍മകളാണ്.
അതുപോലെയാണ് പലര്‍ക്കും ചില സ്ഥലങ്ങളുമയുള്ള ആത്മബന്ധം. അത്തരം സ്ഥലങ്ങളിലേക്ക് യാത്രചെയ്യുമ്പോളോ അല്ലെങ്കില്‍ അവിടുന്നു മാറി മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോളോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയാണ് നമുക്കുണ്ടാകുക. അതുപോലെതന്നെയാണ് ഒരു വസ്തുവിനോടോ അല്ലെങ്കില്‍ വ്യക്തിയോടോ ഉള്ള പ്രണയവും. ചിലരില്‍ ഗൃഹാതുരത്വമെന്നത് ഒരു വികാരമാണ്. തനിച്ചിരിക്കുന്ന വേളയിലോ അല്ലെങ്കില്‍ ജീവിതത്തില്‍ ഒറ്റപ്പെടുന്നവേളയിലോ ആണ് ഇത് മറ്റൊരവസ്ഥയിലേക്ക് മാറുക.
കടല്‍ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. വെറുതെ കടലില്‍ നോക്കി എത്ര നേരം വേണമെങ്കിലും ഇരിക്കാന്‍ അത്തരക്കാര്‍ തയ്യാറാകും. തിരകളെ പ്രണയിച്ചു എത്ര നേരം അവിടെ കഴിയാനും അവര്‍ക്ക് മടുപ്പുണ്ടാകില്ല.
കടല്‍ത്തിരയുമായി സല്ലപിക്കുമ്പോള്‍ എല്ലാം വിഷമങ്ങളും മറക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. സന്ധ്യാ സമയത്തെ വന്യമായ കടല്‍ ഇഷ്ടപ്പെടുന്നവരും ഒരുപാടുണ്ട്. എന്തുതന്നെ ആയാലും നൊസ്റ്റാള്‍ജിയ ഒരു വികാരം തന്നെയാണെന്നതാണ് വസ്തുത.