BIJU|
Last Modified ചൊവ്വ, 30 ഒക്ടോബര്‍ 2018 (20:59 IST)
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണ് പേരക്ക. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ഇരുമ്പ് എന്നിവ വൈറസ് അണുബാധയിൽ നിന്നു സംരക്ഷണം നല്കുന്നു. മാത്രമല്ല, ശരീരത്തിൽ അമിതമായി എത്തുന്ന കാൽസ്യം ആഗിരണം ചെയ്യുന്നതിനും അതിലെ വിറ്റാമിൻ സി സഹായിക്കും. അതുകൊണ്ടുതന്നെ വൃക്കയിൽ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുകയും ചെയ്യും.
ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നതിനു തുല്യമായ അളവിലുള്ള പൊട്ടാസ്യവും പേരക്കയില് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ രക്തസമ്മർദം നിയന്ത്രണവിധേയമാക്കാന്‍ ഇതിലൂടെ സാധിക്കും. ഉയർന്ന രക്തസമ്മർദം കുറയ്ക്കുന്നതിനും പേരക്ക സഹായകമാണ്. വിറ്റാമിൻ എയും ഇതില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കുകയും കാഴ്ചശക്തി മെച്ചപ്പെടുകയും ചെയ്യും.
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇയുടെ ആൻറി ഓക്സിഡൻറ് ഗുണം ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുപോലെ പേരയ്ക്കയിലെ ഫോളേറ്റുകൾ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുകയും അതിലെ വിറ്റാമിൻ ബി9 ഗർഭിണികളുടെ ആരോഗ്യത്തിനു ഗുണകരമാകുകയും ചെയ്യും.
ഹോർമോണുകളുടെ ഉത്പാദനം, പ്രവർത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയില്‍ അടങ്ങിയ കോപ്പർ സഹായകമാണ്. പേരയ്ക്കയിലെ മാംഗനീസ് ഞരമ്പുകൾക്കും പേശികൾക്കും അയവു നല്കുന്നു. പേരയ്ക്കയിലെ വിറ്റാമിൻ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുകയും അതിലൂടെ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.