aparna shaji|
Last Updated:
തിങ്കള്‍, 7 നവംബര്‍ 2016 (14:40 IST)
വെള്ളം കുടിക്കുന്നത് അത്ര പാടുള്ള കാര്യമല്ല. പക്ഷേ അത് എന്ത് വെള്ളം ആയിരിക്കണമെന്ന് ചിന്തിക്കേണ്ടത് തന്നെയാണ്. വെള്ളം കുടിക്കുന്നതിൽ ഇപ്പോൾ എന്ത് ശ്രദ്ധിക്കാനാ? എന്ന് ചോദിക്കുന്നവരോട് അത് ദോഷമാണ് എന്നേ പറയാനുള്ളു. അറിഞ്ഞ് കൊണ്ട് സ്വന്തം ആരോഗ്യം നശിപ്പിക്കുന്നു എന്ന് തന്നെ. വെള്ളം കുടിക്കാൻ തോന്നിയാൽ ആവശ്യമുള്ളപ്പോൾ കിട്ടിയത് എടുത്ത് കുടിക്കുന്ന ശീലം മാറ്റണം. കുട്ടിക്കാലം മുതൽ നമ്മുടെ മാതാപിതാക്കൾ പഠിപ്പിക്കുന്ന ഒരു ശീലമുണ്ട്, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക എന്നത്.
പണ്ടൊക്കെ രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ആദ്യം കുടിക്കുന്നത് ഒരു ഗ്ലാസ് വെള്ളമായിരുന്നു. എന്നാൽ, ഇന്ന് അത് ബെഡ് കോഫി ആയി മാറിയിരിക്കുകയാണ്. കാലത്തിനനുസരിച്ച് ഇഷ്ടങ്ങളും മാറി വന്നു. എങ്കിൽ കൂടിയും ഇന്നും പലരുടേയും പ്രഭാതം ആരംഭിക്കുന്നത് വെള്ളം കുടിച്ചാണ്. തിളപ്പിച്ചാറ്റിയ വെള്ളമാണ് ചായയേക്കാളും കാപ്പിയേക്കാളും നല്ലതെന്ന കാര്യം പലരും മറന്ന് പോയിരിക്കുന്നു. അല്ലെങ്കിൽ മനഃപൂർവ്വം ഓർക്കാതെ ആയിരിക്കുന്നു.
ചൂടുവെള്ളവും തണുത്ത വെള്ളവും ഒരുമിച്ച് ചേര്‍ത്ത് ഉപയോഗിക്കരുത്. നല്ല ചൂടോടുകൂടിയും പാടില്ല. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, ചെറു ചൂറ്റുവെള്ളവും ആകാം. അതുതന്നെയാണ് സേഫ്. ജീരകം, അയമോദകം, ചുക്ക് തുടങ്ങിയവ ചേര്‍ത്തുണ്ടാക്കിയ വെള്ളവും ചൂടുവെള്ളവും ദഹനത്തെ സഹായിക്കും. എന്നാൽ, പതിമുഖം, നറുനീണ്ടി, രാമച്ചം ഇവയിട്ട് തിളപ്പിച്ച വെള്ളം ആഹാരത്തോടൊപ്പം കഴിക്കുന്നത് ദഹനത്തെ കുറയ്ക്കും. ദഹനത്തിന് സഹായിക്കുന്നത് മാത്രം തിരഞ്ഞെടുക്കുക.
തണുപ്പുള്ളപ്പോൾ ചൂട് വെള്ളം കുടിക്കുന്നത് ആശ്വാസമാണ്, ചൂട് കൂടുമ്പോൾ നല്ല തണുത്ത വെള്ളം കുടിക്കുന്നത് വളരെ ആശ്വാസമാണ് എന്ന് ചിന്തിക്കുന്നവരും പറയുന്നവരുമാണ് നമ്മൾ. എന്നാൽ, ഏത് കാലത്തും ധൈര്യപൂർവ്വം കുടിക്കാൻ കഴിയുന്നത് തിളപ്പിച്ചാറ്റിയ വെള്ളം തന്നെ. അക്കാര്യത്തിൽ നൂറ് ശതമാനം ഉറപ്പാണ് ആരോഗ്യ വകുപ്പും നൽകുന്നത്. വേനല്‍ക്കാലത്ത് നാരങ്ങാവെള്ളം, മോരിന്‍വെള്ളം, പതിമുഖം, നറുനീണ്ടി ഇവയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ നല്ലതാണ്. ധാന്യങ്ങള്‍ കൊണ്ടുണ്ടാക്കിയആഹാരത്തിനും ധാന്യങ്ങള്‍ അരച്ചോ പൊടിച്ചോ ഉണ്ടാക്കുന്ന ആഹാരത്തിനുമൊപ്പം ചൂടുവെള്ളം മാത്രമേ കുടിക്കാവൂ.
ഗുളിക വിഴുങ്ങുന്നതിന് തണുത്ത വെള്ളം ചായ, കാപ്പി, സോഡ, കോള, നാരങ്ങാവെള്ളം ഇവയൊന്നും ഉപയോഗിക്കരുത്. സാധാരണ ഗതിയിൽ അക്കാര്യം മലയാളികൾ ശ്രദ്ധിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ചൂടാറ്റിയ വെള്ളമാണ് മിക്കവരും അതിനായി ഉപയോഗിക്കുന്നത്.
അതുതന്നെയാണ് ഉത്തമമവും. കൂടാതെ…. എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറ്റിയ വെള്ളം കരുതുക. ആഹാരത്തോടൊപ്പം എപ്പോഴും ആവശ്യത്തിനു വെള്ളം കുടിക്കുക. നമ്മുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് നാം തന്നെയാണ്.