ഓരോ നാലുമിനിറ്റിലും ഒരു അല്‍ഷിമേഴ്സ് രോഗി; മറവി നിങ്ങള്‍ക്കുണ്ടെങ്കില്‍ ഈ ലക്ഷണങ്ങളും അറിഞ്ഞിരിക്കണം

ഓരോ നാലുമിനിറ്റിലും ഒരു അല്‍ഷിമേഴ്സ് രോഗി

ചെന്നൈ| Last Modified ചൊവ്വ, 17 ജനുവരി 2017 (15:10 IST)
ചെറിയ ചെറിയ ചില മറവികള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടോ. എങ്കില്‍ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം, ലോകത്ത് ഓരോ നാലു മിനിറ്റിലും ഒരാള്‍ അല്‍ഷിമേഴ്സ് രോഗി ഉണ്ടാകുന്നുവെന്നാണ് കണക്കുകള്‍. 20 വര്‍ഷം കൂടുമ്പോള്‍ രോഗികളുടെ എണ്ണം ഇരട്ടിയാവുകയാണ്. അതുകൊണ്ടു തന്നെ, രോഗലക്ഷണങ്ങളെ ആദ്യമേ തന്നെ മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ വലിയൊരു ആപത്തില്‍ നിന്നു രക്ഷപ്പെടാം.

നാഡീവ്യൂഹത്തില്‍ ഉണ്ടാകുന്ന ചില തകരാറുകളാണ് അല്‍ഷിമേഴ്സ് രോഗത്തിന് കാരണമാകുന്നത്. വാര്‍ദ്ധക്യത്തിലാണ് രോഗം വരാനുള്ള സാധ്യത ഏറ്റവും കൂടുതല്‍. ഓര്‍മ്മശക്തി, ചിന്താശക്തി, സംസാരശേഷി, തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് എന്നിവയെയെല്ലാം രോഗം ഗുരുതരമായി തന്നെ ബാധിക്കും. പ്രത്യേകമായ ഒരു രോഗനിര്‍ണയ രീതി ഈ രോഗത്തിനില്ല. അതുകൊണ്ടു തന്നെ ലക്ഷണങ്ങളെ മനസ്സിലാക്കിയാണ് അല്‍ഷിമേഴ്സിനെ ചികിത്സിക്കുക.

എന്തൊക്കെയാണ് അല്‍ഷിമേഴ്സ് രോഗലക്ഷണങ്ങള്‍ ?

പതിയെയാണ് അല്‍ഷിമേഴ്സ് രോഗം ഉണ്ടാകുക. മറവിയില്‍ ആയിരിക്കും മിക്കപ്പോഴും രോഗം ആരംഭിക്കുക. എന്നാല്‍, വാര്‍ദ്ധക്യത്തെ പഴിചാരി മറവിയെ കാര്യമായി കണക്കാക്കാത്തവര്‍ ആയിരിക്കും മിക്കവരും. പക്ഷേ, കാലം മുന്നോട്ടു പോകുന്നതിന് അനുസരിച്ച് ലക്ഷണങ്ങളും വഷളായി തുടങ്ങും. മറവിയുടെ മറ പിടിച്ചെത്തുന്ന അല്‍ഷിമേഴ്സ് പിടിമുറുക്കുന്നതിന് അനുസരിച്ച് ഓരോന്നായി മറന്നു തുടങ്ങുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങള്‍ ആയിരിക്കും ആദ്യം മറന്നുതുടങ്ങുക.

പ്രധാനപ്പെട്ട അല്‍ഷിമേഴ്സ് രോഗലക്ഷണങ്ങള്‍

1. അടുത്തയിടെ സംഭവിച്ച കാര്യങ്ങള്‍ മറന്നുപോകുന്നു.

2. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓര്‍മ്മിച്ചെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും.

3. വളരെ നിസാരമായ കണക്കുകള്‍ ചെയ്യുന്നതിന് പ്രയാസമുണ്ടാകും.

4. ഭാഷാപരമായ കഴിവുകള്‍ നഷ്‌ടമാകും.

5. ദിനേന ചെയ്യുന്ന കാര്യങ്ങള്‍ എങ്ങനെ ചെയ്യണമെന്ന് മറന്നുപോകും. എങ്ങനെ പല്ലുതേക്കണം, മുടി ചീകണം എന്നെല്ലാം മറന്നു പോകുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.

6. രോഗം മൂര്‍ച്‌ഛിക്കുന്നതോടെ വീടുവിട്ട് പുറത്തുപോകും. താമസിക്കുന്നത് സ്വന്തം വീട്ടിലല്ല എന്ന ധാരണയാണ് ഇതിന് കാരണം. താമസിക്കുന്നത് മറ്റേതോ വീട്ടിലാണെന്നുള്ള ധാരണയാണ് വീടുവിട്ട് പുറത്തുപോകാന്‍ പ്രേരിപ്പിക്കുന്നത്.

7. മിക്കപ്പോഴും സ്വന്തം കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാന്‍ മിക്കവര്‍ക്കും കഴിയില്ല.

8. ചിലര്‍ക്ക് തങ്ങളെ ആക്രമിക്കാന്‍ മറ്റു ചിലര്‍ ശ്രമിക്കുന്നു എന്ന ധാരണയാകാം. ചിലര്‍ക്ക് അതീവസംശയാലുക്കള്‍ ആയിത്തീരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :