Covishield Vaccine: നിങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവരാണോ? ഒരു പേടിയും വേണ്ട, ശാസ്ത്രത്തിനൊപ്പം ഉറച്ചുനില്‍ക്കൂ

നോയിഡയില്‍ ഒരു ജനറല്‍ ഫിസിഷ്യനെ ഫോണില്‍ വിളിച്ച് രോഗി ഭീഷണിപ്പെടുത്തി

Nelvin Gok| Last Modified ചൊവ്വ, 7 മെയ് 2024 (10:11 IST)

Covishield Vaccine: വാക്‌സിനുകള്‍ക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി വളര്‍ത്തുന്ന പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഏത് വാക്‌സിനുകളെ കുറിച്ച് ബോധവത്കരണം നടത്തിയാലും അതിനെയൊക്കെ അള്ള് വയ്ക്കാന്‍ കുറേ സ്യൂഡോ സയന്‍സുകാര്‍ ഇറങ്ങിത്തിരിക്കാറുണ്ട്. കോവിഷീല്‍ഡിന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിക്കുന്നത്.

നോയിഡയില്‍ ഒരു ജനറല്‍ ഫിസിഷ്യനെ ഫോണില്‍ വിളിച്ച് രോഗി ഭീഷണിപ്പെടുത്തി. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ശേഷം ഒന്നര വര്‍ഷം കഴിഞ്ഞ് തന്റെ കുടുംബത്തിലെ ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്ന് പറഞ്ഞാണ് ഇയാള്‍ വിളിച്ചത്. കോവിഷീല്‍ഡ് എടുത്താല്‍ ഹൃദയാഘാതം വരുമെന്ന് എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ലെന്നാണ് ഇയാള്‍ ഡോക്ടറോടു ഭീഷണി സ്വരത്തില്‍ ചോദിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വാക്‌സിന്‍ സ്വീകരിച്ച് ഇത്ര വലിയൊരു ഇടവേളയ്ക്കു ശേഷം പാര്‍ശ്വ ഫലങ്ങളൊന്നും കാണിക്കില്ലെന്ന് ഡോക്ടര്‍ വിശദീകരിക്കാന്‍ നോക്കിയിട്ടും അയാള്‍ അത് കേള്‍ക്കാന്‍ തയ്യാറായില്ല. വാക്‌സിന്‍ സ്വീകരിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് പാര്‍ശ്വഫലങ്ങള്‍ കാണിക്കേണ്ടത്. 'ഞങ്ങളിപ്പോള്‍ മരിക്കില്ലേ ഡോക്ടര്‍' എന്നു വിലപിച്ചുകൊണ്ട് ഒട്ടേറെ ഫോണ്‍ കോളുകളാണ് തനിക്ക് വരുന്നതെന്നും ഈ ഡോക്ടര്‍ പറയുന്നു. ശരീരത്തില്‍ രക്തം കട്ട പിടിക്കുകയും രക്തത്തില്‍ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം കുറയുകയും ചെയ്യുന്നതാണ് വാക്‌സിന്റെ പാര്‍ശ്വഫലമായി ചുരുക്കം ചിലരില്‍ കാണുന്നതെന്നാണ് ആസ്ട്ര സെനക്കയുടെ വിശദീകരണം. അതായത് ലക്ഷത്തില്‍ ഒന്നോ രണ്ടോ പേര്‍ക്കായിരിക്കും ഈ പാര്‍ശ്വഫലങ്ങള്‍ കാണേണ്ടതെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്.

ഏത് വാക്‌സിനുകള്‍ക്കും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ട്. എന്നുകരുതി ആ വാക്‌സിന്‍ പൂര്‍ണമായി ഒഴിവാക്കിയാല്‍ സമൂഹത്തില്‍ ഉണ്ടാകുന്ന പാര്‍ശ്വ ഫലങ്ങള്‍ അതിനേക്കാള്‍ ഭീകരമായിരിക്കും. കോവിഡ് തന്നെ ഉദാഹരണമായി എടുത്താല്‍ മതി. കോവിഡ് വാക്‌സിന്‍ എത്തിയതിനു ശേഷമാണ് കോവിഡ് മരണങ്ങളിലും കോവിഡ് ബാധിച്ചവരിലുള്ള ഗുരുതര പ്രത്യാഘാതങ്ങള്‍ക്കും കുറവ് വന്നത്.

കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ പാര്‍ശ്വഫലമായി രക്തം കട്ടപിടിക്കുകയും ഇത് ഹൃദയത്തെ ബാധിച്ച് ഹൃദയാഘാതം അല്ലെങ്കില്‍ തലച്ചോറിനെ ബാധിച്ച് സ്‌ട്രോക്ക് എന്നിവയ്ക്കു കാരണമാകുകയും ചെയ്യുമെന്നാണ് ആസ്ട്രാ സെനക്ക യുകെയിലെ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ കോവിഡ് വാക്‌സിനു പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് മെഡിക്കല്‍ കമ്പനികള്‍ നേരത്തെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടാണ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് വാക്‌സിന്‍ വിതരണത്തിനു മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയത്. ബഹുഭൂരിപക്ഷം ഡിഎന്‍എ വാക്‌സിനുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള കാര്യമാണ്. അത്തരത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലെങ്കില്‍ അവ എങ്ങനെ വാക്‌സിന്‍ ആകും?

എന്നാല്‍ ഈ പാര്‍ശ്വഫലങ്ങളുടെ വ്യാപ്തിയെ കുറിച്ച് വൈദ്യശാത്രം തന്നെ കൃത്യമായ വ്യക്തത തരുന്നു. വാക്‌സിന്‍ സ്വീകരിച്ച ഒരു മില്യണ്‍ ആളുകളില്‍ ഏഴോ എട്ടോ ആളുകളിലാണ് ഇത്തരം പാര്‍ശ്വഫലങ്ങള്‍ പ്രകടമാകുക. അതായത് ലക്ഷത്തില്‍ ഒന്നില്‍ കുറവ് ആളുകളില്‍ ! ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ മറ്റു ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവരായിരിക്കാം അവര്‍. പരമാവധി ഒരു മാസത്തിനുള്ളില്‍ തന്നെ ഇത്തരം പാര്‍ശ്വഫലങ്ങള്‍ കാണിക്കേണ്ടതുമാണ്. ഇന്ത്യയില്‍ 90 ശതമാനം ആളുകളും കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചിട്ട് ഒന്നര വര്‍ഷത്തില്‍ ഏറെയായി. അതുകൊണ്ട് തന്നെ വാക്‌സിന്‍ പാര്‍ശ്വഫലം ഉണ്ടാകുമെന്ന് കരുതി ഇപ്പോള്‍ ഭയപ്പെടുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് ഇന്ത്യയിലെ കോവിഷീല്‍ഡ് നിര്‍മാതാക്കള്‍. വാക്‌സിന്‍ സ്വീകരിച്ചവരില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യതയുണ്ടെന്ന ആസ്ട്ര സെനക്കയുടെ വിശദീകരണത്തില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പകര്‍ച്ചവ്യാധി നിവാരണ വിദഗ്ധന്‍ രാമന്‍ ഗംഗാഖേദ്കര്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷമുള്ള പാര്‍ശ്വ ഫലങ്ങളേക്കാള്‍ എത്രയോ വലുതാണ് വാക്‌സിന്‍ സ്വീകരിച്ചതു മൂലമുള്ള ഗുണങ്ങള്‍. ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ക്ക് കാരണമായ രണ്ടാമത്തെ പകര്‍ച്ചവ്യാധിയാണ് കോവിഡ്. ഈ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള മരണങ്ങള്‍ നിയന്ത്രിക്കുന്നതില്‍ വാക്‌സിന്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അതുകൊണ്ട് ശാസ്ത്രമാണ് സത്യമെന്ന് ആദ്യം മനസിലാക്കുക, രോഗങ്ങള്‍ വരുമ്പോള്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്തോടെ ചികിത്സ തേടുക, നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക..!




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :