സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 10 ജനുവരി 2025 (19:33 IST)
ശ്വാസകോശത്തെ ബാധിക്കുന്ന അസുഖമാണ് സിഒപിഡി. ഇതിന്റെ ഫലമായി നീര്‍വീക്കം, ശ്വസനക്കുഴലുകള്‍ ഇടുങ്ങിയതാവുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും തല്‍ഫലമായി ശ്വസന പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. അമിതമായ പുകവലി, വായു മലിനീകരണം, ജനിതക പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ കൊണ്ട് ഈ അവസ്ഥ ഉണ്ടാകാം. ഈ രോഗാവസ്ഥ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ ആകില്ല. എന്നിരുന്നാലും ഒരു പരിധിവരെ നിയന്ത്രിച്ചു കൊണ്ടുപോകാന്‍ സാധിക്കും. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തിന് വരെ കാരണമാകാം. ലക്ഷണങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.
ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ശ്വാസതടസ്സം അനുഭവപ്പെടുക എന്നത് തന്നെയാണ്. മറ്റൊന്ന് വിട്ടുമാറാത്ത ചുമയാണ് . ചുമയോടൊപ്പം പച്ചനിറത്തിലോ മഞ്ഞനിറത്തിലോയുള്ള കഫം ഉണ്ടാവുകയും ചെയ്യും. മറ്റൊന്ന് ശ്വാസം വിടുമ്പോഴും ശ്വാസം എടുക്കുമ്പോഴും ഉണ്ടാകുന്ന ശബ്ദമാണ്. അതുകൂടാതെ ഈ രോഗമുള്ളവരില്‍ പെട്ടെന്ന് തന്നെ ശരീരഭാരം കുറയുന്നതായി കണ്ടുവരുന്നു. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും ഈ അസുഖത്തിന്റെ ലക്ഷണമാണ്. ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം നിങ്ങള്‍ക്കുണ്ടെങ്കില്‍ എത്രയും വേഗം ഒരു ഡോക്ടറെ കാണുന്നതാണ് നല്ലത്.