രേണുക വേണു|
Last Modified ബുധന്‍, 11 ഒക്‌ടോബര്‍ 2023 (11:28 IST)
ഏറെ ആരോഗ്യ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പാല്‍ ഉത്പന്നമാണ് തൈര്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവയെല്ലാം തൈരില്‍ അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിനു തൈര് ഗുണം ചെയ്യും. അതേസമയം രാത്രി തൈര് കഴിക്കരുതെന്ന പ്രചാരണം സമൂഹത്തിലുണ്ട്. ഇതില്‍ എന്തെങ്കിലും വസ്തുതയുണ്ടോ?
രാത്രി തൈര് കഴിച്ചാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ആയുര്‍വേദത്തില്‍ പറയുന്നു. സൂര്യാസ്തമയത്തിനു ശേഷം ദഹനശേഷി കുറയുമെന്നും അതുകൊണ്ട് തൈര് ഒഴിവാക്കണമെന്നുമാണ് ആയുര്‍വേദത്തിന്റെ വാദം. എന്നാല്‍ ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഇതിനു യാതൊരു അടിസ്ഥാനവുമില്ല. മാത്രമല്ല രാത്രിയിലോ മറ്റേതെങ്കിലും സമയത്തോ തൈര് കഴിക്കുന്നത് കഫം ഉല്‍പാദനം വര്‍ധിപ്പിക്കും എന്നതിനും ശാസ്ത്രീയമായി തെളിവില്ല.
നിങ്ങള്‍ക്ക് ലാക്ടോസ് ഇന്‍ടോളറന്‍സ് ഉണ്ടെങ്കില്‍ രാത്രി പാലും പാല്‍ ഉല്‍പന്നങ്ങളും ഒഴിവാക്കണം. പാല്‍ ഉല്‍പന്നങ്ങളോട് അലര്‍ജി, സാധാരണയായ ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാത്രി പാലും തൈര് കഴിക്കരുത്. രണ്ട് ആഴ്ചയില്‍ കൂടുതലായി കഫക്കെട്ട് ഉണ്ടെങ്കിലും പാല്‍, തൈര് എന്നിവ ഒഴിവാക്കണം. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് രാത്രിയിലും ധൈര്യമായി തൈര് കഴിക്കാം.