പക്ഷിപ്പനിയെ പേടിച്ച് കോഴിയിറച്ചിയും മുട്ടയും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം

അതേസമയം പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ വീടുകളിലും ഫാമുകളിലും വളര്‍ത്തുന്ന കോഴി, താറാവ് എന്നിവയെ നിരീക്ഷിക്കുക

രേണുക വേണു| Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (13:34 IST)

കേരളത്തില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ആലപ്പുഴയിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ഇറച്ചിയും മുട്ടയും കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോഴിയിറച്ചിയും മുട്ടയും ശരിയായി തയ്യാറാക്കി വേവിക്കണം. നന്നായി വേവിച്ച് കഴിക്കുകയാണെങ്കില്‍ ഈ ഭക്ഷണങ്ങള്‍ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

വൈറസ് ചൂടേറ്റാല്‍ നശിക്കുന്നതായതിനാല്‍ പാചകത്തിന് ഉപയോഗിക്കുന്ന സാധാരണ താപനില (ഭക്ഷണത്തിന്റെ എല്ലാ ഭാഗത്തും 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാകുന്ന അളവ്) വരെ ഇറച്ചിയും മുട്ടയും ചൂടാക്കിയാല്‍ ആ വൈറസ് നശിക്കും എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. മുട്ട ബുള്‍സൈ ആയി കഴിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. ബുള്‍സൈ ഉണ്ടാക്കുമ്പോള്‍ മുട്ട വേണ്ടവിധം വേവുന്നില്ല എന്നതാണ് അതിനു കാരണം.

അതേസമയം പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ വീടുകളിലും ഫാമുകളിലും വളര്‍ത്തുന്ന കോഴി, താറാവ് എന്നിവയെ നിരീക്ഷിക്കുക. മനുഷ്യരിലും മറ്റു സസ്തനികളിലും ബാധിക്കാന്‍ സാധ്യതയുള്ള അസുഖമാണ് പക്ഷിപ്പനി. കോഴി, താറാവ് എന്നിവയില്‍ ഇത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. വീട്ടിലും ഫാമുകളിലും വളര്‍ത്തുന്ന കോഴി, താറാവ് എന്നിവയില്‍ അസാധാരണ ലക്ഷണങ്ങള്‍ കണ്ടാല്‍ മൃഗസംരക്ഷണ വകുപ്പിനെയോ ആരോഗ്യ വകുപ്പിനെയോ അറിയിക്കണം. കോഴികളില്‍ പനി, തൂങ്ങല്‍, തളര്‍ച്ച എന്നിവയാണ് പക്ഷിപ്പനി വരുമ്പോള്‍ പ്രധാന ലക്ഷണങ്ങളായി കാണിക്കുക.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :