വാര്‍ദ്ധക്യത്തില്‍ യുവാവിനെ പോലെയിരിക്കാന്‍ യൌവനകാലത്ത് പുലര്‍ച്ചെ എഴുന്നേല്‍ക്കണം

രാവിലെ എഴുന്നേല്‍ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

ചെന്നൈ| Last Updated: തിങ്കള്‍, 19 സെപ്‌റ്റംബര്‍ 2016 (16:46 IST)
ബ്രഹ്‌മമുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണമെന്നാണ് പഴമൊഴി. ബ്രഹ്‌മമുഹൂര്‍ത്തം എന്നു പറഞ്ഞാല്‍ പുലര്‍ച്ചെ മൂന്നുമണിക്കും നാലുമണിക്കും ഇടയ്ക്കുള്ള സമയം. എന്നാല്‍, ന്യൂ ജനറേഷനോട് അതൊക്കെ പറഞ്ഞാല്‍ ‘എങ്ങനെ’ എന്നൊന്ന് ചോദിച്ച് ഒന്നുകൂടി മൂടിപ്പുതച്ചു കിടക്കും. വെളുപ്പാന്‍ കാലത്ത് മൂടിപ്പുതച്ച് ഉറങ്ങാന്‍ നല്ല സുഖമാണ്, നല്ല തണുപ്പുകൂടിയെങ്കില്‍ പരമാനന്ദമാണ്. എന്നാല്‍, ആ മൂടിപ്പുതച്ചുറക്കം അത്ര ‘ഹെല്‍ത്തി’ അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം, ആരോഗ്യം കൂടുതല്‍ ഉള്ളത് പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നവര്‍ക്ക് ആണെന്ന്.

എന്നാല്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നവരില്‍ ആരോഗ്യം കൂടുതല്‍ ആയിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ജോലികള്‍ എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുമെന്നത് തന്നെയാണ്. കൂടാതെ, കാര്യങ്ങളില്‍ വ്യക്തമായ തീരുമാനം എടുക്കാനും ലക്‌ഷ്യം നേടാനുമൊക്കെ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതിലൂടെ സാധിക്കും.

രാവിലെ വെറുതെയങ്ങ് എഴുന്നേറ്റാല്‍ പോരാ, കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനും ചില ചിട്ടവട്ടങ്ങള്‍ ഒക്കെയുണ്ട്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ എങ്ങോട്ടെങ്കിലും നോക്കി എഴുന്നേല്‍ക്കരുത്. രണ്ട് കൈപ്പത്തികളും ചേര്‍ത്തുവെച്ച് ഉള്ളംകൈയിലേക്ക് നോക്കുക. വിരലിന്റെ അഗ്രഭാഗത്ത് ലക്ഷ്‌മിയും ഉള്ളംകൈയില്‍ സരസ്വതിയും കൈപ്പത്തിയുടെ ഭാഗത്ത് ബ്രഹ്‌മാവുമാണ് എന്നാണ് പറയുന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കണി കാണേണ്ടത് ഇവരെയാണ്.

കിടക്കയില്‍ നിന്ന് എഴുന്നേറ്റതിനു ശേഷം അല്പനേരം ധ്യാനിക്കുന്നത് വളരെ നല്ലതാണ്. ഓരോ ദിവസത്തെയും പ്രവൃത്തികളെക്കുറിച്ച് പ്ലാന്‍ ചെയ്യുന്നതിനും ഒരു ദിവസം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുന്നതിനും അത് നിങ്ങളെ വളരെയേറെ സഹായിക്കും. കൂടാതെ, ഏതെങ്കിലും കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു വരെ അതിരാവിലെ ഉണരുന്നതു കൊണ്ട് നിങ്ങള്‍ക്ക് സാധിക്കും.

സമ്മര്‍ദ്ദം കുറയും എന്നതാണ് രാവിലെ എഴുന്നേല്‍ക്കുന്നത് കൊണ്ടുള്ള മറ്റൊരു ഗുണം. നേരത്തെ, എഴുന്നേറ്റാല്‍ രാവിലെ തിരക്കിട്ട് ജോലി ചെയ്യേണ്ട അവസ്ഥ വരില്ല. ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കുന്നതിലൂടെ ദിവസത്തിന് കൂടുതല്‍ ദൈര്‍ഘ്യം ലഭിക്കുന്നതു പോലെ നിങ്ങള്‍ക്ക് തോന്നുകയും ചെയ്യും.
നേരത്തെ എഴുന്നേറ്റാല്‍ നിങ്ങളുടെ ജോലികളും നേരത്തെ കഴിയും, അതിനാല്‍ നേരത്തെ ഉറങ്ങാനും ഇത് സഹായകമാകും. രാവിലെ എഴുന്നേല്‍ക്കുന്ന കുട്ടികള്‍ക്ക് പരീക്ഷയില്‍ മികച്ച മാര്‍ക്കു നേടാന്‍ കഴിയുമെന്ന് ടെക്സാസ് സര്‍വ്വകലാശാല നടത്തിയ ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അതുമാത്രമല്ല, യൌവനകാലത്ത് അതിരാവിലെ എഴുന്നേറ്റ് ശീലമുള്ളവര്‍ക്ക് വാര്‍ദ്ധക്യത്തിലും നല്ല ആരോഗ്യം ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :