കുംഭം കഴിഞ്ഞ് മീനം തുടങ്ങിയതേയുള്ളൂ. കേരളം കത്തിക്കാളുകയാണ്. ഇനി മേടച്ചൂട് കൂടി താണ്ടാനുണ്ട്. അതുകഴിഞ്ഞേ, ഇടവപ്പാതി കറുത്തുകെട്ടി ആശ്വാസപ്പെയ്ത്ത് നടത്തൂ. മഴക്കാറും തണുത്തകാറ്റും ഭൂമിയെ തണുപ്പിക്കുന്ന ഇടവമാസം അല്ലെങ്കില്‍ ജൂണ്‍ മാസം എത്തുന്നത് വരെ മലയാളിയുടെ വലിയ പേടിയാണ് ‘സൂര്യാഘാതം’. കഴിഞ്ഞ നാല് വര്‍ഷവും ‘സൂര്യാഘാതമേറ്റ് മരണമടഞ്ഞു’ എന്ന വാര്‍ത്തയില്ലാതെ വേനല്‍ക്കാലം പടികടന്ന് പോയിട്ടില്ല. വേനല്‍ക്കാലം മുന്നോട്ട് വയ്ക്കുന്ന ഏറ്റവും വലിയ ഭീഷണിയായ സൂര്യാഘാതത്തെ എങ്ങിനെ മെരുക്കാം എന്ന് ചര്‍ച്ച ചെയ്യാനായി ഒരുകൂട്ടം പാരമ്പര്യ വൈദ്യന്മാര്‍ മലപ്പുറത്ത് ഇക്കഴിഞ്ഞ ദിവസം ഒത്തുകൂടി.
സൂര്യാഘാതം കൊണ്ടുണ്ടാകാനിടയുള്ള പ്രധാന ശാരീരിക ബുദ്ധിമുട്ട് നിര്‍ജലീകരണമാണ്. ഇത് ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിന് കാരണമാകാം. സൂര്യാഘാതമേറ്റയാളെ വായു സഞ്ചാരമുള്ള സ്ഥലത്തു കിടത്തിയ ശേഷം സവാളനീര് നെറ്റിയില്‍ തേച്ച് കൊടുക്കുകയാണ് ഏറ്റവും ആദ്യമായി ചെയ്യേണ്ടത് എന്നാണ് വൈദ്യന്മാരുടെ അഭിപ്രായം. തുടര്‍ന്ന് പച്ചമാങ്ങ നീര്, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത ലായനി കുടിക്കാന്‍ നല്‍കാം. നിര്‍ജലീകരണം കൊണ്ട് ശരീരത്തില്‍ നിന്ന് നഷ്‌ടപ്പെട്ട ജലാംശം തിരിച്ചുകൊണ്ടുവരുന്നതിന് ഈ ലായനി സഹായിക്കും.
സൂര്യാഘാതമേറ്റ സ്ഥലത്ത് ആര്യവേപ്പിലയുടെ നീരും എണ്ണയും കലര്‍ത്തിയ മിശ്രിതം തേക്കുക. ജീരകം, രാമച്ചം, നന്നാരി, വേങ്ങ, ചന്ദനം, പതിമുഖം എന്നിവയിട്ട് തിളപ്പിച്ച വെളളം കുടിക്കുന്നത് നല്ലതാണ്. അമൃതാരിഷ്ടം, നെല്ലിക്കാരിഷ്ടം, ചന്ദനാസവം, പര്‍പ്പടകാരിഷ്ടം, സരസപെരില്ല, വില്വാദി ഗുളിക, മുക്കാദിഗുളിക തുടങ്ങിയവ ഉപയോഗിക്കുന്നതും ശരീരം തണുപ്പിക്കാന്‍ ഉതകും.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അമിത താപനവും സൂര്യാഘാതവും ഏല്‍ക്കാതിരിക്കാന്‍ ശരീരം തണുപ്പിക്കുന്ന ഭക്ഷണക്രമം ശീലമാക്കണം. ഉദയത്തിന് മുമ്പ് ഉണരുന്നത് പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. തൈര്, മോര് പഴവര്‍ഗങ്ങള്‍ ധാരാളമായി കഴിക്കുക, മത്സ്യ മാംസാദികള്‍ കഴിയുന്നത്ര കുറയ്ക്കുക, കക്കിരി, കാരറ്റ്, സവാള, തക്കാളി എന്നിവ ചേര്‍ത്ത സലാഡ് ഭക്ഷണത്തിനു മുമ്പു കഴിക്കുക തുടങ്ങിയവ ശ്രദ്ധിച്ചാല്‍ സൂര്യാഘാതം തടയാന്‍ സാധിക്കും.
പുറത്തിങ്ങുമ്പോള്‍ വെള്ള വസ്ത്രം ധരിക്കുക, കഴിയുന്നതും ഖാദിയുടെ കോട്ടന്‍ വസ്ത്രങ്ങളായാല്‍ നന്ന്. കുളിക്കുമ്പോള്‍ സോപ്പിന് പകരം ചെറുപയര്‍ പൊടിയോ, കടലപ്പൊടിയോ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, പതുമുഖം പോലെയുള്ളത് ചേര്‍ന്ന ദാഹശമനികള്‍ ചേര്‍ത്ത ചൂടുവെള്ളമായാല്‍ നന്ന്. വെയിലിന് കാഠിന്യം കൂടുന്നതിനാല്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. അതുമൂലം മൂത്രത്തില്‍ പഴുപ്പ് വരെ വരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ഭക്ഷണം കുറച്ച് വെള്ളം ശരീരത്തിന് കൂടുതല്‍ നല്‍കുക.
മലബാര്‍ മേഖലയിലെ പാരമ്പര്യ ആയുര്‍വേദ വൈദ്യസമിതിയാണ് മലപ്പുറത്ത് വൈദ്യന്മാരെ പങ്കെടുപ്പിച്ച് ‘സൂര്യാഘാത പരിഹാരമാര്‍ഗ’ ചര്‍ച്ച നടത്തിയത്. ടി മാധവന്‍ വൈദ്യര്‍, പിഎന്‍എ സുനില്‍ വൈദ്യര്‍, വല്ലാഞ്ചിറ യൂസുഫ് വൈദ്യര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.