വെയിലേറ്റ് തളര്‍ന്നു വരുമ്പോള്‍ കുറച്ച് വെള്ളം എടുത്ത് മുഖത്ത് തളിച്ചാല്‍ ലഭിക്കുന്ന ആശ്വാസം, അത് പറഞ്ഞറിയിക്കുക അസാധ്യമാണ്. അല്പം വെള്ളം കുടിക്കുക കൂടി ചെയ്താലോ? ഏറെ തൃപ്തിയാകും. എന്നാല്‍ വെള്ളം കുടിക്കാന്‍ പോലും സമയമില്ലാത്ത ഒരു തലമുറയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്നത്. എന്തിനാണ് ഇത്രയധികം വെള്ളം കുടിക്കുന്നതെന്നാണ് അവരുടെ ചോദ്യം. നിങ്ങള്‍ക്ക് അങ്ങനെ ചോദിക്കാന്‍ തോന്നുന്നുണ്ടോ? ധാരാളം വെള്ളം കുടിക്കണമെന്ന് മുതിര്‍ന്നവര്‍ ഉപദേശിക്കുമ്പോള്‍ അവരോട് ദേഷ്യം തോന്നാറുണ്ടോ? എങ്കില്‍ ഇനിയുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചു വായിക്കുക.
നമ്മുടെ ശരീരത്തിന്‍റെ ചൂട് നിയന്ത്രിക്കുന്നതില്‍ വെള്ളത്തിനുള്ള പങ്ക് വളരെ വലുതാണ്. ആരോഗ്യമുള്ള ശരീരത്തിന്‍റെ ലക്ഷണമാണല്ലോ നന്നായി വിയര്‍ക്കുക എന്നത്. വെള്ളം അധികം കുടിക്കുന്നവര്‍ വിയര്‍ക്കുന്നതിലൂടെ തങ്ങളുടെ ശരീരം ‘റീഫ്രെഷ്‘ ചെയ്യുകയാണെന്ന് ഓര്‍ക്കുക.
മനുഷ്യശരീരത്തിനുള്ളിലേക്ക് ഒന്നു കടന്നു ചെന്നാല്‍ അവിടെ വെള്ളമാണ് വി ഐ പി! എന്തൊക്കെ ധര്‍മ്മങ്ങളാണ് വെള്ളം മനുഷ്യശരീരത്തിനുള്ളില്‍ നിര്‍വ്വഹിക്കുന്നതെന്നറിയാമോ?
കുടലിലൂടെ ഭക്ഷണത്തിന് സുഗമമായി സഞ്ചരിക്കാന്‍ വെള്ളം സഹായിക്കുമെന്നതിനാല്‍ നല്ല ശോധനയ്ക്ക് വെള്ളം നല്ല സഹായിയാണ്. ദഹനം സുഗമമാക്കാനും വെള്ളത്തിന് അനിര്‍വചനീയമായ കഴിവുണ്ട്.
നമ്മുടെ ശരീരത്തില്‍ രോഗങ്ങളെ തടയുന്നതിലും വെള്ളത്തിന് വലിയ പങ്കാണുള്ളത്. ദിവസം എട്ടു ഗ്ലാസ് വെള്ളം കുടിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് വന്‍ കുടലിനെ ബാധിക്കുന്ന ക്യാന്‍സറില്‍ നിന്ന് 45 ശതമാനവും മൂത്രാശയ ക്യാന്‍സറില്‍ നിന്ന് 50 ശതമാനവും അകന്നുനില്‍ക്കാനാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കൂടാതെ, സ്ത്‌നാര്‍ബുദത്തിനുള്ള സാധ്യത തള്ളിക്കളയാനും വെള്ളം അധികം കുടിക്കുന്നവര്‍ക്ക് സാധിക്കും.
ഇനിയുമുണ്ട് വെള്ളത്തെ സ്‌നേഹിക്കാന്‍ കാരണങ്ങള്‍. മനുഷ്യ മസ്‌തിഷ്‌കം 95 ശതമാനവും രക്തം 82 ശതമാനവും ശ്വാസകോശം 90 ശതമാനവും വെള്ളത്തെ ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തെക്കാള്‍ പ്രാധാന്യമുണ്ട് മനുഷ്യ ശരീരത്തില്‍ വെള്ളത്തിന്. ഇപ്പോള്‍ മനസ്സിലായില്ലേ, നമ്മുടെ ശരീരം പൂര്‍ണമായും വെള്ളത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന്.
നിങ്ങള്‍ എങ്ങോട്ടാണ് ഓടുന്നത്. വെള്ളം കുടിക്കാന്‍ പോയതാണോ? എങ്കില്‍ ഒരു കാര്യം കൂടി കേള്‍ക്കണേ. കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടുന്നതിനനുസരിച്ച് ഗുണമുള്ളതായിരിക്കാന്‍ കൂടി ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് വെള്ളം ഏറ്റവുമധികം മലിനപ്പെടാന്‍ സാധ്യതയുള്ളതിനാല്‍, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.