Last Modified വ്യാഴം, 17 മാര്‍ച്ച് 2016 (16:17 IST)
അമിതമായി മദ്യപിക്കുന്നത് പലതരത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വിവിധ പഠനങ്ങളിലൂടെ തെളിഞ്ഞ കാര്യമാണ്. കാന്‍സറും വൃക്കരോഗങ്ങളുമടക്കം മാനസിക പ്രശ്നങ്ങള്‍ക്കുവരെ മദ്യപാനം കാരണമാകുന്നു. എല്ലാദിവസവും മദ്യപിക്കുകയും അത് പലപ്പോഴും അമിതമാകുകയും ചെയ്യുമ്പോഴാണ് രോഗങ്ങള്‍ തലപൊക്കിത്തുടങ്ങുന്നത്. മദ്യപാനം പുരുഷന്‍മാരേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് സ്ത്രീകളിലാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മദ്യം അമിതമായി കഴിക്കുന്നത് സ്ത്രീകളുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്നതിനപ്പുറം, സ്തനാര്‍ബുദത്തിന് കാരണമാകുന്നതായി ഗവേഷകര്‍ പറയുന്നു. ലോകത്ത് മദ്യപാനം മൂലം മരിക്കുന്ന അഞ്ചില്‍ ഒരാളുടെ മരണകാരണം അര്‍ബുദമാണ്. അതില്‍ കൂടുതല്‍ സ്ത്രീകളും മരിക്കുന്നത് സ്തനാര്‍ബുദം കാരണമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2005നു ശേഷം ഇത്തരത്തില്‍ സ്തനാര്‍ബുദം വന്ന് മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതായി ഡ്രിങ്ക്‌വെയര്‍ സോസൈറ്റിയിലെ ചീഫ് മെഡിക്കല്‍ അഡ്‌വൈസര്‍ പ്രൊഫസര്‍ പോള്‍ വാലസ് പറയുന്നു.
മദ്യം കഴിക്കുന്നതിനു മുന്‍പ് മദ്യം എന്താണെന്നും അതു കഴിക്കുന്നതു മൂലമുള്ള അനന്തരഫലങ്ങള്‍ എന്താണെന്നും ഓരോരുത്തരും അറിയേണ്ടത് അത്യാവശ്യമാണ്. മദ്യപിക്കുന്ന 90% ശതമാനം പേര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്നതാണ് രസകരമായ കാര്യം. മദ്യപിക്കുന്നു എന്നതുകൊണ്ട് എല്ലാ സ്ത്രീകള്‍ക്കും സ്തനാര്‍ബുദം വരണമെന്നില്ല. അതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു എന്നതാണ് വസ്തുതയെന്നും പോള്‍ വാലസ് പറയുന്നു.
കോളിഫ്ലവര്‍, കാബേജ്, ബ്രൊക്കോളി തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ച ആദ്യഘട്ടങ്ങളില്‍ത്തന്നെ തടയുന്നതായാണ് പഠനം. ഇവയിലടങ്ങിയിരിക്കുന്ന സള്‍ഫോറാഫേന്‍ എന്ന സംയുക്തം സ്തനാര്‍ബുദ വളര്‍ച്ചയെ സാവധാനത്തിലാക്കുന്നു. സ്തനാര്‍ബുദം തടയുക, സ്തനാര്‍ബുദ വ്യാപനം സാവധാനത്തിലാക്കുക, രോഗം വീണ്ടും വരുന്നതിനെ തടയുക എന്നിങ്ങനെ സ്തനാര്‍ബുദ ചികിത്സയില്‍ സള്‍ഫൊറാഫേന്‍ ഉള്‍പ്പെടുത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്.