ഒരായിരം പ്രതീക്ഷകളോടെ കതിര്മണ്ഡപത്തിലെത്തുന്നവര് ഒടുവില്‍ ആത്മഹത്യയുടെ വഴി തെരഞ്ഞെടുക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. ഇന്ത്യയില്‍ സ്വയം ജീവനൊടുക്കുന്നവരില്‍ ഏറിയ പങ്കും വിവാഹിതര്‍ ആണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മണിക്കൂറില്‍ 15 ആത്മഹത്യകളാണ് രാജ്യത്ത് നടക്കുന്നത്. ഇതില്‍ 69.2 ശതമാനം പേരും വിവാഹിതരാണ്. അഞ്ച് ആത്മഹത്യകള്‍ നടക്കുമ്പോള്‍ അതില്‍ ഒന്ന് ഒരു വീട്ടമ്മയായിരിക്കും എന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പുരുഷന്മാരേയും സ്ത്രീകളേയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നത് വെവ്വേറെ കാരണങ്ങളാണ്. സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങള്‍ മൂലം പുരുഷ്ന്മാര് ജീവനൊടുക്കാന്‍ തുനിയുമ്പോള്‍ വൈകാരികവും വ്യക്തിപരവുമായ പ്രശ്നങ്ങള്‍ സ്ത്രീകളെ ആത്മഹത്യയിലേക്ക് നയിക്കുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
41.1 ശതമാനം പേരും എന്തെങ്കിലും ജോലിയുള്ളവരാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്ക് പ്രകാരം 1,34,599 പേരാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തില്‍ ആത്മഹത്യ ചെയ്തത്.
പശ്ചിമ ബംഗാളിലാണ് ആത്മഹത്യാ നിരക്ക് കൂടുതല്‍. എന്നാല്‍ കുടുംബങ്ങളുടെ കൂട്ട ആത്മഹത്യയുടെ കാര്യത്തില്‍ കേരളം രണ്ടാം സ്ഥാനത്തുണ്ട്. 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരുടെ ആത്മഹത്യാ നിരക്കില്‍ കേരളം മുന്നിലാണ്. നഗരങ്ങളില്‍ ബാംഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ പേര് ജീവനൊടുക്കുന്നത്. തൂങ്ങി മരണമാണ് കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. വിഷം കഴിച്ച് മരിക്കുന്നവരും ഒട്ടും പിന്നിലല്ല.