സജിത്ത്|
Last Modified ബുധന്‍, 12 ഏപ്രില്‍ 2017 (13:56 IST)
ജീവികളുടെ ശരീരകലകളിലും കോശഭിത്തികളിലും കാണപ്പെടുന്ന ഒരുതരം കൊഴുപ്പാണ് കൊളസ്ട്രോൾ. കരൾ പോലുള്ള ആന്തരികാവയവങ്ങളിൽ സംശ്ലേഷിക്കപ്പെടുകയോ ഭക്ഷണപദാർഥങ്ങളിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയോ ചെയ്യുന്ന കൊളസ്ട്രോൾ, രക്തത്തിലൂടെയാണ് ശരീരത്തിൽ വിതരണം ചെയ്യപ്പെടുന്നത്. കരളിന് കൊളസ്ട്രോളിനെ നിർമ്മിക്കുന്നതിനുള്ള കഴിവുണ്ട്. കൊളസ്ട്രോളിനെ കരൾ ബൈൽ സാൾട്ടുകള്‍ അഥവാ പിത്തലവണമാക്കി മാറ്റുകയാണ് ചെയ്യുക.
രക്തത്തിലുള്ള കൊളസ്ട്രോളിന്റെ അളവ് മനുഷ്യശരീരത്തിൽ നിശ്ചിതപരിധിയിൽ അധികമായാല്‍ അത് മാരകമായ പല രോഗങ്ങൾക്കും കാരണമാകും. ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. രക്തത്തിൽ അധികമാകുകയാണെങ്കില്‍ അവ ധമനികളുടെ ആന്തരിക പാളികളിൽ അടിഞ്ഞു കൂടുകയും ഉൾവ്യാപ്തി കുറക്കുകയും ചെയ്യും. അതോടെ ധമനികളിലൂടെയുള്ള രക്തസഞ്ചാരം ദുഷ്കരമാകുകയും ഹൃദയാഘാതം, മസ്തിഷ്കാഘാതം എന്നിവക്ക് കാരണമായേക്കുകയും ചെയ്യും.
ഉയർന്ന കൊളസ്ട്രോളിന്റെ ഏറ്റവും പ്രകടവും പ്രധാനവുമായ ഒരു പ്രത്യാഘാതമാണ് ഹൃദയാഘാതവും അതുപോലെ കൊറോണറി ധമനീരോഗങ്ങളും. ഉദ്ദീപനഘടകങ്ങളേയും ഹൃദ്രോഗകാരണങ്ങളേയുമെല്ലാം ആധാരമാക്കി നടത്തിയ ഗവേഷണങ്ങളില്‍ നിന്ന് ഉയർന്ന കൊളസ്ട്രോളാണ് ഹൃദ്രോഗത്തിന് ഒരു പ്രധാന കാരണമെന്നാണ് വ്യക്തമാക്കിയത്. ചീത്ത
കൊളസ്ട്രോൾ ഒരു ശതമാനം കൂടുന്ന വേളയില്‍ ഹൃദ്രോഗസാധ്യത മൂന്നു ശതമാനം കൂടുമെന്നും അളവു കുറഞ്ഞപ്പോള്‍ ഹൃദ്രോഗസാധ്യത കുറയുന്നതായുമാണ് കണ്ടെത്തിയത്.
ഹൃദ്രോഗസാധ്യതയ്ക്കു പുറമേ കൊളസ്ട്രോൾ കൂടുന്നത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം സൃഷ്ടിക്കുകയും അത് സ്ട്രോക്കിന് കാരണമാകുകയും ചെയ്യും. അതുപോലെ വൃക്കകളിലെ ധമനികളിയ കൊഴുപ്പ് അടിഞ്ഞുകൂടി വൃക്കകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകാനും ഇത് കാരണമാകും. കൂടാതെ ഉദ്ധാരണശേഷിക്കുറവ് പോലെയുള്ള രോഗങ്ങള്‍ക്കും ഉയര്‍ന്ന കൊളസ്ട്രോള്‍ കാരണമായേക്കും. നടത്തം ശീലമാക്കുന്നതും ടെന്‍ഷന്‍ ഉള്ളപ്പോള്‍ ഭക്ഷണം ഒഴിവാക്കുന്നതുമെല്ലാം കൊളസ്ട്രോൾ കുറക്കാന്‍ സഹായകമാകും.