സജിത്ത്|
Last Modified വെള്ളി, 5 മെയ് 2017 (15:44 IST)
ശരീരം ആരോഗ്യകരമാണെന്നതിന്റെ സൂചനയാണ് വിയര്‍പ്പ്. എന്നാല്‍ വിയര്‍പ്പ് അമിതായി ഉണ്ടാകുന്നുണ്ടെങ്കില്‍ ശരീരം ആരോഗ്യകരമല്ലെന്ന സൂചനയാണ് അത് നല്‍കുന്നത്. പലതരത്തിലുള്ള അനാരോഗ്യകരമായ ലക്ഷണങ്ങളെയാണ് വിയര്‍പ്പ് നാറ്റത്തിന്റെ പ്രത്യേകതയും വിയര്‍പ്പിന്റെ അതിപ്രസരവും കാണിച്ച് തരുന്നതെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അമിത വിയര്‍പ്പ് നല്‍കുന്ന സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഹൃദയസംബന്ധമായ പ്രശ്‌നങ്ങളെയാണ് അമിതവിയര്‍പ്പ് സൂചിപ്പിക്കുന്നതെന്നാണ് പറയുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ ലക്ഷണമായാണ് അമിത വിയര്‍പ്പുണ്ടാകുന്നതെന്നും പറയുന്നു. അതുപോലെ രാത്രിയിലാണ് അമിത വിയര്‍പ്പുണ്ടാകുന്നതെങ്കില്‍ അത് പലപ്പോഴും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെയോ തൈറോയ്ഡ് പോലുള്ള രോഗങ്ങളുടേയോ സൂചനകളായിരിക്കുമെന്നും പറയുന്നു.
അമിതവിയര്‍പ്പിന് ക്യാന്‍സറുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ... ലിംഫ് ഗ്രന്ഥികളുടെ വീക്കം കൊണ്ടുണ്ടാവുന്ന രക്താര്‍ബുദത്തിന്റെ സൂചനയായും അമിതവിയര്‍പ്പുണ്ടായേക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. എച്ച് ഐ വി, ക്ഷയം പോലുള്ള അണുബാധ ഉള്ളവരാണെങ്കില്‍ അവരിലും രാത്രിയില്‍ വിയര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്.
വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നവരിലും അമിത വിയര്‍പ്പ് ഉണ്ടായേക്കും. ആര്‍ത്തവ വിരാമം പോലുള്ള സമയത്ത്, പ്രത്യേകിച്ച് രാത്രി സമയങ്ങളില്‍ സ്ത്രീകളില്‍ അമിത വിയര്‍പ്പ് കാണാറുണ്ട്. ചില ആളുകളില്‍ സ്‌ട്രോക്കിനു മുന്നോടിയായും ശരീരം വിയര്‍ക്കാറുണ്ട്. അതുകൊണ്ട് തന്നെ രാത്രിയിലെ അമിതവിയര്‍പ്പിനെ അല്‍പം ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.