rahul balan|
Last Modified വ്യാഴം, 2 ജൂണ്‍ 2016 (15:50 IST)
എളുപ്പത്തില്‍ ആര്‍ക്കും പിടിപെടാവുന്ന ഒരു അസുഖമാണ് മാനസിക രോഗം. കണക്കുകള്‍ പ്രകാരം മനസിക രോഗങ്ങള്‍ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. എന്നാല്‍ പലപ്പോഴും നമ്മള് ഇക്കാര്യത്തില്‍ അതികം ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം. അമേരിക്കയില്‍ ഏതാണ്ട് 54 ദശലക്ഷം ആളുകളില്‍ മാനസിക രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കാണുന്നെണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇത്തരം രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് അതിനെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്യുന്നതില്‍ പലപ്പോഴും നമ്മുടെ കുടുംബങ്ങള്‍ പരാജയപ്പെടുന്നു എന്നതാണ് സത്യം. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടുപിടിച്ച് വേണ്ട വിധത്തിലുള്ള ചികിത്സകള്‍ നല്കിയാല് എളുപ്പത്തില്‍ പരിഹരിക്കാന്‍ കഴിയുന്ന ഒരു രോഗമാണിത്.
മാനസിക രോഗം എന്നാല്‍
പെരുമാറ്റക്രമത്തിലൂടെ വ്യക്തമായേക്കാവുന്ന മാനസികമായ അസാധാരണത്വത്തിനെയാണ് മാനസികരോഗം എന്നു വിളിക്കുന്നത്. ഇത്തരം അസ്വാഭാവികത രോഗിയുടെ സംസ്കാരത്തിന്റെ ഭാഗമല്ല എന്ന് പൊതുവിൽ തിരിച്ചറിയാവുന്നതാണ്. രോഗം കാരണമുള്ള വ്യഥയും ബലഹീനതകളും സാധാരണയാണ്. വ്യക്തി എന്താണ് അനുഭവിക്കുന്നതെന്നും എങ്ങനെയാണ് പെരുമാറുന്നതെന്നും എങ്ങനെയാണ് ചിന്തിക്കുന്നതെന്നും അല്ലെങ്കിൽ മനസ്സിലാക്കുന്നതെന്നും കണക്കിലെടുത്താണ് വിവിധ തരം മാനസിക രോഗങ്ങൾ നിർവ്വചിക്കപ്പെട്ടിരിക്കുന്നത്.
മാനസികരോഗങ്ങൾക്ക് തലച്ചോറിലെ പ്രത്യേക ഭാഗങ്ങളോടോ നാഡീവ്യൂഹത്തിന്റെ മറ്റു ഭാഗങ്ങളോടോ ബന്ധമുണ്ടായിരിക്കും. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മിക്ക രാജ്യങ്ങളിലെയും മൂന്നിലൊന്നിൽ കൂടുതൽ ജനങ്ങളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒന്നോ അതിലധികമോ സാധാരണ മാനസിക രോഗലക്ഷണങ്ങൾ കാണിക്കുന്നുണ്ട്.
മാനസികരോഗ ലക്ഷണങ്ങള്‍
മാനസിക രോഗികള്‍ ചില രോഗലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഇത് പലപ്പോഴും രോഗത്തിന്റെ തീവ്രത, പ്രായം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്ന സമയത്ത് തന്നെ മറ്റുള്ളവര്ക്കിത് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.
പ്രായം തികഞ്ഞവരില്‍-
> കൂടുതല്‍ നേരം ചിന്തിച്ചിരിക്കുക.
>എപ്പോഴും വിഷാദമായി ഇരിക്കുക.
>പ്രത്യേക രീതിയിലുള്ള വികാരം കാണിക്കുക.
>ഏല്ലാത്തിനോടും പേടി കാണിക്കുക.
>പെട്ടന്ന് ദേഷ്യം വരിക.
>ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുക.
>ദൈനന്തിന കാര്യങ്ങള്‍ ചെയ്യുന്നതില്‍ ബുദ്ധിമുട്ട് നേരിടുക.
>ആത്മഹത്യാ മനോഭാവം.
കൌമാരക്കാരില്‍-
>ഭക്ഷണ ക്രമത്തില്‍ ചില മാറ്റങ്ങള്‍ കാണിക്കുക.
>ഉറക്കം കുറയുക.
>രാത്രികാലങ്ങളില്‍ ആലോചിച്ചിരിക്കുക.
>ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതില്‍ വിമുഖത കാണിക്കുക.
>പേടി
>പെട്ടന്ന് ദേഷ്യം വരിക
കുട്ടികളില്‍-
>പഠന കാര്യങ്ങളില്‍ പിന്നോട്ടടിക്കുക.
>കഷ്ടപ്പെട്ട് പഠിച്ചിട്ടും പ്രതീക്ഷിച്ച വിജയം ലഭിക്കാതിരിക്കുക.
>കൂടുതല്‍ പ്രസരിപ്പ് കാണിക്കുക.
>ചെറിയ കാര്യങ്ങള്‍ക്ക് ദേഷ്യം പിടിക്കുക.
>കൂടുതല്‍ സമയവും ചിന്തിച്ചിരിക്കുക.
മാനസികരോഗവും പരിഹാര മാര്‍ഗവും
ശരീരത്തിനേല്‍ക്കുന്ന മുറിവുകള്‍ക്കെന്ന പോലെ മനസ്സിനേല്‍ക്കുന്ന മുറിവുകള്‍ക്കും പരിചരണം ആവശ്യമാണ്. മാനസികരോഗങ്ങളുടെ കാരണങ്ങൾ പലതുണ്ട്. ഇവ ചിലപ്പോൾ വ്യക്തവുമായിരിക്കില്ല. മാനസികരോഗാശുപത്രികൾ, സൈക്കിയാട്രിസ്റ്റുകൾ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുകൾ, സമൂഹപ്രവർത്തകർ എന്നിവയൊക്കെ മാനസികരോഗചികിത്സയുടെ ഭാഗങ്ങളാണ്. സൈക്കോതെറാപ്പി, മരുന്നുകൾ എന്നിവയാണ് പ്രധാന ചികിത്സാമുറകൾ. സമൂഹത്തിലെ ഇടപെടലുകൾ, സുഹൃദ് വലയത്തിന്റെയും ബന്ധുക്കളുടെയും പിന്തുണ, സ്വയം സഹായം എന്നിവയും ചികിത്സയുടെ ഭാഗമാണ്. രോഗിയുടെ സമ്മതമില്ലാതെ തന്നെ ചില കേസുകളിൽ നിയമമനുവദിക്കുന്ന രീതിയിൽ തടഞ്ഞുവച്ചുള്ള ചികിത്സ ആവശ്യമായി വരും. അസുഖത്തെ ഒരു കളങ്കമായി സമൂഹം കാണുന്നതും വിവേചനവും രോഗി അനുഭവിക്കുന്ന വ്യഥയെ വർദ്ധിപ്പിക്കും.
സ്നേഹവും പരിചണത്തിനുമൊപ്പം രോഗിയെ കുറ്റപ്പെടുത്തുന്നതും ഒഴിവാക്കണം. താന്‍ ഒരു രോഗിയാണെന്ന തിരിച്ചറിവിനേക്കാള്‍ പരിഹരിക്കാന്‍ കഴിയുന്ന എല്ലാവര്ക്കും വരാന്‍ സാധ്യതയുള്ള ഒരു രോഗമാണിതെന്ന ചിന്തയായിരിക്കണം രോഗിക്കുണ്ടാകേണ്ടത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം