ഇസ്ളാം വിശ്വാസികളുടെ ബൃഹത്തായ വാര്‍ഷിക സമ്മേളനമാണ് ഹജ്ജ്. ഇരപതു ലക്ഷത്തിലേറെ പേരാണ് ഈ പുണ്യകര്‍മ്മത്തിനായി മെക്കയില്‍ ഒത്തു ചേരുക.
ഇസ്ളാമിക സാഹോദര്യത്തിന്‍റെ ആത്മചോദിതമായ പ്രകടനമാണിത്. ഓരോ തീര്‍ത്ഥാടകനും മാനവികതയുടെ മഹാ കൂട്ടായ്മയുടെ ഭാഗമായി മാറുന്നു - അതിരുകളും ഭേദങ്ങളുമില്ലാത്ത മാനവികതയുടെ.
പ്രവാചകനായ ഇബ്രാഹിം (അബ്രഹാം), ഇസ്മയില്‍ മുഹമ്മദ് എന്നിവരുടെ ആത്മീയവും ചരിത്രപരവുമായ ലോകത്തേക്ക് അവര്‍ എത്തിപ്പെടുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെ കഷ്ടപ്പാടുകളുടെ വിശ്വാസ ദാര്‍ഢ്യത്തിന്‍റെ ഓര്‍മ്മ പുതുക്കാനവസരം കിട്ടുന്നു. ഇതാണ് ആധുനിക കാലത്തും ഹജ്ജ് അനുഷ്ടിക്കുന്നത് കൊണ്ടുണ്ടാവുന്ന സാമൂഹികമായ നേട്ടങ്ങള്‍.
എന്താണ് ഹജ്ജ്
വിശേഷപ്പെട്ട സ്ഥലം സന്ദര്‍ശിക്കാന്‍ ഒരുങ്ങുക എന്നേ ഹജ്ജ് എന്ന വാക്കിന് അര്‍ത്ഥമുള്ളൂ. മെക്കയിലെ ക്അബായിലേക്കുള്ള വിശ്വാസികളുടെ കൊല്ലത്തിലൊരിക്കലുള്ള തീര്‍ത്ഥാടനം എന്നാണ് ഇപ്പോള്‍ ഹജ്ജിന്‍െറ പൊതുവായ അര്‍ത്ഥം.
ഇസ്ളാമിന്‍റെ പഞ്ചസ്തംഭങ്ങളില്‍ ഒന്നായ ഹജ്ജ് കര്‍മ്മം ജീവിതത്തിലൊരിക്കലായാലും വിശ്വാസികള്‍ അനുഷ്ടിച്ചിരിക്കണം. ഹജ്ജ് ആദ്യം തുടങ്ങിയത് പ്രവാചകനായ അബ്രഹാമാണ്. നബി തിരുമേനി അത് പുനരവതരിപ്പിച്ചു.
ഉംറ അനുഷ്ഠിക്കണം
ഇസ്ലാം വിശ്വാസികള്‍ക്ക് വര്‍ഷത്തില്‍ എപ്പോഴും പുണ്യ നഗരമായ മെക്കയില്‍ പോകുന്നതിനും ചെറു തീര്‍ത്ഥാടനം നടത്തുന്നതിനോ വിലക്കില്ല. ഇവയെ "ഉംറ' എന്നാണ് പറയുക. എന്നാല്‍ ഇസ്ളാമിക ചന്ദ്രമാസ കലണ്ടറനുസരിച്ച് 12-ാമത്തെ മാസമായ ദുല്‍-ഹജ്ജിലെ എട്ട് മുതല്‍ 13 തീയതികളില്‍ മാത്രമേ പുണ്യമായ ഹജ്ജ് കര്‍മ്മം അനുഷ്ഠിക്കാനാവൂ.
ഇസ്ളാമിന്‍റെ സര്‍വ്വദേശീയതയും വിശ്വാസികളുടെ ഐക്യവും ഉറപ്പിക്കുന്നതാണ് ഹജ്ജ് കര്‍മ്മം. ഈ ദിവസങ്ങളില്‍ ലോകത്തെന്പാടു നിന്നും നാനാതരം ജീവിത സാഹചര്യങ്ങളില്‍പ്പെട്ട വിശ്വാസികള്‍ ഒരേ സമയം ഒരേ സ്ഥലത്ത് എത്തുന്നതും ഒരേ തരം വസ്ത്രങ്ങളണിഞ്ഞ് ഒരേതരം ആഹാരം കഴിച്ച്, ഒരേ മനസ്സോടെ സര്‍വ്വ ശക്തനെ വാഴ്ത്തി ഒരേ തരം അനുഷ്ഠാനങ്ങള്‍ നടത്തുന്നു.
സാഹോദര്യവും പരസ്പര വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതാണ് ഈ കര്‍മ്മ പദ്ധതി.