സൌഹൃദത്തിന് വലിപ്പച്ചെറുപ്പമില്ല

ജനാര്‍ദ്ദന അയ്യര്‍

minister meets old friend cartoon
SASISASI
പന്ത്രണ്ടോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ് സൌഹൃദ ദിനത്തോടനുബന്ധിച്ച് ഓര്‍മ്മിക്കുന്നത്. സംസ്ഥാനത്തെ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി എന്ന നിലയില്‍ ഏറെക്കാര്യങ്ങള്‍ ചെയ്ത ഇ.ചന്ദ്രശേഖരന്‍ നായര്‍ മന്ത്രിയായിരിക്കെ നടന്ന സംഭവമാണിത്.

വെളിയം സ്വദേശിയായ എന്‍റെ പിതാവ് അനന്തകൃഷ്ണന്‍ കൊല്ലം ജില്ലയിലെ അഞ്ചല്‍ ചന്തമുക്കില്‍ക്കൂടി ഒരു ദിവസം വൈകുന്നേരം പോവുകയായിരുന്നു. ഒരു സ്റ്റേറ്റ് കാര്‍ പെട്ടന്ന് അടുത്തുവന്ന് നിന്നു.

പൊലീസ് അകമ്പടിയുള്ള കാറാണിത് എന്നുകൂടി ഓര്‍ക്കണം. അച്ഛന്‍ റോഡിനരുകുപറ്റി നിന്നു. കാറില്‍ നിന്ന് മന്ത്രി ചന്ദ്രശേഖരന്‍ നായര്‍ ഇറങ്ങി അടുത്തെത്തി. മന്ത്രിയെ കണ്ടത് അച്ഛനും സന്തോഷമായി.

എത്രനാളായി കണ്ടിട്ട്, എന്തൊക്കെയുണ്ട് വിശേഷം എന്ന് ഉറക്കെ തന്നെ ചോദിച്ചു കൊണ്ട് മന്ത്രി കുശലാന്വേഷണം ആരംഭിച്ചു. ആളുകളുടെ മുന്നില്‍ വച്ചാണ് ഇത് നടക്കുന്നത് . അച്ഛന് ചന്ദ്രശേഖരന്‍ നായരുമായി എത്രയോ വര്‍ഷം മുമ്പുണ്ടായിരുന്ന പരിചയം പെട്ടന്നു ഓര്‍മ്മവന്നു.

ഏറെക്കാലം മുമ്പ് ചന്ദ്രശേഖരന്‍ നായര്‍ കൊട്ടാരക്കര കോടതിയില്‍ വക്കീലായി പ്രാക്‍ടീസ് ചെയ്യുമ്പോള്‍ കോടതിയില്‍ ടൈപ്പിസ്റ്റായിരുന്ന അച്ചനുമായി വളരെ അടുപ്പമുണ്ടായിരുന്നു.

പിന്നീട് രാഷ്ട്രീയത്തില്‍ മുന്നേറിയ ചന്ദ്രശേഖരന്‍ നായര്‍ സി.പി.ഐ യുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായി. അതോടെ അദ്ദേഹം വളരെ തിരക്കുള്ളയാളുമായി. പിന്നീട് ഇരുവരും തമ്മില്‍ അധികമൊന്നും കണ്ടിട്ടില്ലെന്നു വേണം പറയാന്‍.

എന്തായാലും ചന്ദ്രശേഖരന്‍ നായര്‍ പരിചയക്കാരെയൊന്നും ഒരിക്കലും മറന്നതായി ആരും പറഞ്ഞുകേട്ടിട്ടില്ല. അതുതന്നെയാണ് അച്ഛനെ കണ്ടയുടനെ മന്ത്രി എന്ന നിലപോലും മറന്ന് കാറില്‍ നിന്നും ഇറങ്ങി പരിചയം പുതുക്കാന്‍ തയാറായത്.

വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസം സൌഹൃദത്തിനില്ല എന്നതിന് ഒരു ഉദാഹരണം മാത്രമാണിത്. ഈ സംഭവം പറയുമ്പോള്‍ ഇപ്പോഴും അച്ഛന് കണ്ഠം ഇടറാറുണ്ട്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :