മാഞ്ചസ്റ്റര്‍ പ്രീമിയര്‍ കപ്പിനായുള്ള ദക്ഷിണ മേഖലാ മത്സരങ്ങള്‍ നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കും. ചെന്നൈയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
കേരളത്തില്‍ നിന്നും വിവയുടെ ടീം ഉള്‍പ്പടെ 16 ടീമുകളാണ് ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങളില്‍ കളിക്കുന്നത്. മഹീന്ദ്രാ യുണൈറ്റഡ്, സാല്‍ഗോക്കര്‍, സ്പോര്‍ട്ടിംഗ് ക്ലബ്ബ്, എയര്‍ ഇന്ത്യ, മുംബൈ എഫ് സി തുടങ്ങിയവരാണ് ചെന്നൈയില്‍ കളിക്കുന്ന മറ്റു വമ്പന്‍ ടീമുകള്‍.
ഇവിടെ സെമിയില്‍ കടക്കുന്ന നാലു ടീമുകള്‍ ഗോവയില്‍ നടക്കുന്ന ഫൈനല്‍ റൌണ്ടിലേക്ക് യോഗ്യത സമ്പാദിക്കും. ഫൈനല്‍ മത്സരങ്ങള്‍ ഗോവയിലാണ്.
മികച്ച യൂത്ത് ടീമുകളെ വാര്‍ത്തെടുക്കുന്നതിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിന്‍റെ പ്രായോജകര്‍ അന്താരാഷ്ട്ര സ്പോര്‍ട്സ് വേര്‍ കമ്പനിയായ നൈക്കിയാണ്. 15 വയസ്സില്‍ താഴെയുള്ളവരുടെ ടീമിനായുള്ള മത്സര്‍ങ്ങളില്‍ വിവാ കേരളാ ആദ്യ മത്സരത്തില്‍ ഡിന്‍ഡീഗല്‍ ജില്ലാ യൂത്ത് അക്കാദമിയെ നേരിടും.
ചെന്നൈയ്ക്കു പുറമേ മറ്റൊരു ലെഗ് കൊല്‍ക്കത്തയിലും നടക്കുന്നുണ്ട്. ഗോവയില്‍ നടക്കുന്ന അവസാന ഘട്ട മത്സരങ്ങളില്‍ ജേതാക്കളാകുന്ന ടീമിനു ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്ററിനൊപ്പം പരിശീലിക്കാനുള്ള അവസരമുണ്ട്.