റയലിൽ ചേരാനായത് ഭാഗ്യം, സിസോ എൻ്റെ വല്ല്യേട്ടനെ പോലെ, എപ്പോഴും ഒരു ടീം പ്ലെയർ ആയിരിക്കുമെന്ന് കരിം ബെൻസേമ

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:05 IST)
കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോളർക്കുള്ള ബാലൺ ദി ഓർ പുരസ്കാരം ടീം അംഗങ്ങൾക്ക് സമർപ്പിച്ച് റയൽ മാഡ്രിഡിൻ്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ. ഇത് ഒരു കൂട്ടായ വിജയമാണ്. വ്യക്തിഗതമായ നേട്ടമാണ്. പക്ഷേ ടീമംഗങ്ങൾ ഇല്ലാതെ ഇത് നേടാനാകില്ല. പുരസ്കാരനേട്ടത്തിന് ശേഷം ബെൻസേമ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ, സാദിയോ മാനെ, എർലിങ് ഹാലണ്ട്, മുഹമ്മദ് സലാ, റോബർട്ട് ലെവൻഡോവ്സ്കി എന്നിവരെ പിന്തള്ളിയാണ് ബെൻസേമയുടെ പുരസ്കാരനേട്ടം. നേടുന്ന അഞ്ചാമത്തെ ഫ്രഞ്ച് താരമാണ് ബെൻസേമ. ഞാൻ ഒരിക്കലും കീഴടങ്ങില്ല. ലോകത്തിലെ ഏറ്റവും മികച്ച ക്ലബായ റയൽ മാഡ്രിഡിൽ ചേരാനായത് എൻ്റെ ഭാഗ്യമാണ്. തുടക്കത്തിൽ കഷ്ടപ്പെട്ടെങ്കിലും ഞാൻ ശ്രദ്ധയോടെ മുന്നേറി. എൻ്റെ മനശക്തി കാത്തുസൂക്ഷിക്കാൻ ഞാൻ പരിശ്രമിച്ചുകൊണ്ടിരിക്കും. താരം പറഞ്ഞു.

റയലിൻ്റെ മുൻ പരിശീലകനും ഇതിഹാസതാരവുമായ സിനദിൻ സിദാനിൽ നിന്നാണ് ബെൻസേമ പുരസ്കാരം ഏറ്റുവാങ്ങിയത്. ബെൻസേമയ്ക്ക് മുൻപ് ഈ പുരസ്കാരം നേടിയ താരമാണ് സിദാൻ. 1998ലായിരുന്നു സിദാൻ്റെ നേട്ടം. സിദാൻ എൻ്റെ ബീഗ് ബ്രദറാണ്. അദ്ദേഹം എൻ്റെ പരിശീലകനായിരുന്നു എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഫ്രാൻസിൻ്റെ ചരിത്രത്തീലെ ഏറ്റവും മികച്ച കളിക്കാരനാണ് അദ്ദേഹം. ബെൻസേമ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :