ഇങ്ങനെ തോറ്റാല്‍ ബ്രസീല്‍ അടുത്ത ലോകകപ്പ് കളിക്കുമോ?

റൗണ്ട് റോബിന്‍ സിസ്റ്റം അനുസരിച്ച് ക്വാളിഫയറില്‍ ബ്രസീലിന് ഇനിയും മൂന്ന് മത്സരങ്ങളുണ്ട്

രേണുക വേണു| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (09:28 IST)

ലോകകപ്പ് ക്വാളിഫയറില്‍ തുടര്‍ച്ചയായ തോല്‍വികള്‍ വഴങ്ങി നാണംകെട്ടു നില്‍ക്കുകയാണ് ഏറ്റവും കൂടുതല്‍ തവണ ലോക ചാംപ്യന്‍മാരായ ബ്രസീല്‍. ചിരവൈരികളായ അര്‍ജന്റീനയോടും എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ തോറ്റു. തുടര്‍ തോല്‍വികള്‍ ബ്രസീലിന്റെ ലോകകപ്പ് യോഗ്യത തുലാസില്‍ ആക്കുമോ?

ലോകകപ്പ് ക്വാളിഫയറില്‍ ബ്രസീലിന്റെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായി. അതില്‍ രണ്ടെണ്ണത്തില്‍ ജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ തോറ്റു. ഒരു മത്സരം സമനിലയായി. ബൊളീവിയ, പെറു എന്നീ ടീമുകള്‍ക്കെതിരെ മാത്രമാണ് ബ്രസീല്‍ ജയിച്ചത്. വെനസ്വേലയ്‌ക്കെതിരെയുള്ള മത്സരം സമനിലയില്‍ കലാശിച്ചു. ഉറുഗ്വായ്, കൊളംബിയ, അര്‍ജന്റീന എന്നീ ടീമുകളോട് തോല്‍വി വഴങ്ങി. നിലവില്‍ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍.

റൗണ്ട് റോബിന്‍ സിസ്റ്റം അനുസരിച്ച് ക്വാളിഫയറില്‍ ബ്രസീലിന് ഇനിയും മൂന്ന് മത്സരങ്ങളുണ്ട്. അതില്‍ ജയിച്ചാല്‍ ബ്രസീലിന് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. ചിലെ, പരഗ്വായ്, ഇക്വഡോര്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ബ്രസീല്‍ ഇനി കളിക്കേണ്ടത്. യോഗ്യത മത്സരം കഴിയുമ്പോള്‍ പോയിന്റ് ടേബിളില്‍ ആദ്യ ആറില്‍ തന്നെ നില്‍ക്കാനായാല്‍ ബ്രസീലിന് ലോകകപ്പ് യോഗ്യത ഉറപ്പിക്കാം. ഏഴിലേക്ക് വീണാല്‍ ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫ് കളിച്ച് യോഗ്യത നേടേണ്ടിവരും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങള്‍ ജയിച്ചാല്‍ ഉറപ്പായും ബ്രസീലിന് ആദ്യ ആറില്‍ തുടരാം. അതേസമയം ഇതില്‍ ഏതെങ്കിലും രണ്ട് കളികള്‍ തോറ്റാല്‍ പോലും ബ്രസീലിന്റെ കാര്യങ്ങള്‍ പരുങ്ങലില്‍ ആകും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :