അടി ഇടി തൊഴി..! എന്നിട്ടും ബ്രസീലിന്റെ കയ്യൂക്കിനെ തോല്‍പ്പിച്ച് അര്‍ജന്റീന

ആറ് കളികളില്‍ നിന്ന് അഞ്ച് ജയവുമായി അര്‍ജന്റീന ലോകകപ്പ് ക്വാളിഫയര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു

രേണുക വേണു| Last Modified ബുധന്‍, 22 നവം‌ബര്‍ 2023 (09:17 IST)

ലോകകപ്പ് ക്വാളിഫയറില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് അര്‍ജന്റീന. അത്യന്തം നാടകീയത നിറഞ്ഞ മത്സരത്തില്‍ ബ്രസീല്‍ ആരാധകരോടും ബ്രസീല്‍ താരങ്ങളോടും ഏറ്റുമുട്ടിയാണ് അര്‍ജന്റീനയുടെ ജയം. മാറക്കാനയില്‍ ബ്രസീല്‍ ആരാധകര്‍ അക്രമാസക്തരായതോടെ മത്സരം തുടങ്ങാന്‍ അരമണിക്കൂറോളം വൈകി. അര്‍ജന്റീന ആരാധകര്‍ക്കെതിരെ ബ്രസീല്‍ ആരാധകര്‍ വ്യാപകമായി അക്രമം അഴിച്ചുവിട്ടു. താരങ്ങള്‍ അടക്കം ഇതിനിടയില്‍ അകപ്പെട്ടു.

ആരാധകരെ ശാന്തരാക്കി മത്സരം തുടങ്ങിയപ്പോള്‍ ബ്രസീലിന്റെ കയ്യൂക്കിനോടായിരുന്നു അര്‍ജന്റീനയ്ക്ക് പോരടിക്കേണ്ടി വന്നത്. 26 ഫൗളുകളാണ് ബ്രസീല്‍ താരങ്ങളില്‍ നിന്ന് ഉണ്ടായത്. മൂന്ന് യെല്ലോ കാര്‍ഡും ഒരു റെഡ് കാര്‍ഡും ബ്രസീലിന് ലഭിച്ചു. മത്സരത്തിന്റെ 63-ാം മിനിറ്റില്‍ കോര്‍ണറില്‍ നിന്ന് ലഭിച്ച അവസരം ഹെഡ്ഡറിലൂടെ ലക്ഷ്യത്തിലെത്തിച്ച് നിക്കോളാസ് ഒറ്റമെന്‍ഡി അര്‍ജന്റീനയ്ക്ക് ലീഡ് വാങ്ങിക്കൊടുത്തു. ലയണല്‍ മെസി ആദ്യ 75 മിനിറ്റ് അര്‍ജന്റീനയ്ക്കായി കളത്തിലുണ്ടായിരുന്നു.

ആറ് കളികളില്‍ നിന്ന് അഞ്ച് ജയവുമായി അര്‍ജന്റീന ലോകകപ്പ് ക്വാളിഫയര്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഉറുഗ്വെയോട് അര്‍ജന്റീന തോല്‍വി വഴങ്ങിയിരുന്നു. ആറ് കളികളില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :