ലണ്ടൻ|
jibin|
Last Modified വെള്ളി, 1 സെപ്റ്റംബര്‍ 2017 (20:33 IST)
ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചു വാഹനമോടിച്ചതിനാണ് താരത്തെ ചെഷയർ പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
റൂണി മദ്യപിച്ചാണ് വാഹനം ഓടിക്കുന്നതെന്ന് മനസിലാക്കിയ പൊലീസ് വിംസ്ലോയിലെ ആൾട്രിച്ചാം റോഡിൽ വെച്ച് അദ്ദേഹത്തിന്റെ ഫോക്സ്വാഗണ് കാര്‍ തടയുകയും പരിശോധനയ്ക്കു ശേഷം അറസ്റ്റ് ചെയ്യുകയുമായിരുന്നു.
റൂണിയെ സ്റ്റേഷനില്‍ എത്തിക്കുകയും മദ്യപിച്ച് വാഹനം ഓടിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഉടന്‍ തന്നെ അഭിഭാഷകന് സ്റ്റേഷനില്‍ എത്തി. തുടര്‍ന്ന് ഈ മാസം ഒടുവിൽ കോടതിയിൽ ഹാജരാകണമെന്ന നിർദേശത്തിൽ റൂണിയെ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ മാസമാണ് അന്താരാഷ്ട്ര ഫുട്ബോളിനോട് റൂണി വിടപറഞ്ഞത്. ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽനിന്ന് തഴഞ്ഞതിനു പിന്നാലെയാണ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരന് ബൂട്ടഴിച്ചത്. അടുത്തിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൂണി പഴയ തട്ടകമായ എവർട്ടനിലേക്ക് തിരിച്ചുപോയിരുന്നു.