മാഡ്രിഡ്|
jibin|
Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (10:39 IST)
പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ ഹംഗറിയിലെ മാധ്യമ പ്രവർത്തക ചവിട്ടിവീഴ്ത്തിയ സിറിയൻ അഭയാർഥി ഉസാമ അബ്ദുൽ മുഹ്‌സിന്‍ ഒരു ഫുട്‌ബോള്‍ പരിശീലകാനായിരുന്നുവെന്ന് വ്യക്തമായി. മകനെയുംകൂട്ടി പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ ചവിട്ടേറ്റ് നിലത്തു വീണ മുഹ്‌സിൻ സിറിയയിൽ ഫുട്‌ബോൾ പരിശീലകനായിരുന്നു.
മുഹ്‌സിന്റെ ചിത്രം ലോകം ചര്‍ച്ച ചെയ്‌തതോടെയാണ് അദ്ദേഹത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ കാരണമായത്. മുഹ്‌സിൻ ഫുട്‌ബോൾ പരിശീലകനാണെന്ന് വ്യക്തമായതോടെ വിവിധ അക്കാദമികളാണ് അദ്ദേഹത്തെ പരിശീലകനായി ക്ഷണിച്ചത്. സ്‌പെയിനിലെത്തിയ ഫുട്‌ബോള്‍ പരിശീലകന് ഇവിടെ സെനാഫെ ദേശീയ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ ജോലി ലഭിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
എന്നാൽ ഉടൻ ഈ ജോലി ഏറ്റെടുക്കാൻ സാധിക്കില്ലെന്ന് മുഹ്‌സിൻ അറിയിച്ചു. ഭാഷ തന്നെയാണ് പ്രശ്‌നം. അറബിയും അൽപം ഇംഗ്ലീഷും കൈവശമുള്ള മുഹ്‌സിന് പരിശീലിപ്പിക്കാൻ സ്പാനിഷ് അറിയണം. ഇപ്പോൾ ഭാഷ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് മുഹ്‌സിൻ. പലായനം ചെയ്ത മുഹ്‌സിന്‍ ഹംഗറിയിലൂടെ ജര്‍മനിയില്‍ ചെന്നെത്തി. ഇവിടെനിന്നാണ് ഇപ്പോള്‍ സ്‌പെയിനില്‍ അഭയവും ജോലിയും ലഭിച്ചത്.
ഹംഗറിയിലെ റോസ്‌കി അതിർത്തിയിൽ വെച്ച് പൊലീസിനെ വെട്ടിച്ച് ഓടുന്നതിനിടെ മുഹ്‌സിനെയും മകനെയും എൻ1 ടിവിയുടെ ക്യാമറവുമൺ പെട്ര ചവിട്ടിവീഴ്‌ത്തുകയായിരുന്നു. മറ്റ് ചാനലുകള്‍ ഇത് ഷൂട്ടുചെയ്യുകയും ദൃശ്യം ലോകത്തെ കാണിക്കുകയും ചെയ്തതോടെ സംഭവം വിവാദമായി. തുടര്‍ന്ന് അവരെ ജോലിയിൽ നിന്ന് പുറത്താക്കി.