റിയോ ഡി ജനീറോ|
jibin|
Last Modified വ്യാഴം, 17 സെപ്‌റ്റംബര്‍ 2015 (09:21 IST)
ബ്രസീല്‍ ടീമിന്റെ ഏറ്റവും പ്രശസ്തനായ ഫുട്ബാള്‍ ആരാധകന്‍ അന്തരിച്ചു. 'ഗച്ചോ ഡാ കോപ്പ' എന്ന പേരിലറിയപ്പെടുന്ന ക്ളോവിസ് ഫെര്‍ണാണ്ടസ് എന്ന ബ്രസീലിയന്‍ ഫുട്ബോള്‍ പ്രേമിയാണ് ലോകത്തോട് യാത്ര പറഞ്ഞത്. അറുപത് വയസായിരുന്ന ഇദ്ദേഹത്തിന് ക്യാന്‍സര്‍ രോഗമായിരുന്നുവെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങള്‍ പറയുന്നത്. പോര്‍ട്ടോ അലെഗ്രയിലെ സാന്താ കാസ ആശുപത്രിയെ ഉദ്ധരിച്ച് ഓട്ട് ലെറ്റ് ഗ്ളോബോ എന്ന ബ്രസീലിയന്‍ മാധ്യമമാണ് മരണവിവരം ആദ്യം പുറത്ത് വിട്ടത്.
2014 ലോകകപ്പിന്‍റെ ബ്രസീല്‍ ജര്‍മ്മനിയുടെ മുന്നില്‍ തകര്‍ന്ന് തരിപ്പണമായപ്പോള്‍ ബ്രസീല്‍ ആരാധകരുടെ മുഖമായി ക്ളോവിസ് ഫെര്‍ണാണ്ടസ് മാറിയിരുന്നു. രാജ്യത്തിന്റെ സ്വപ്നമായ ലോകകപ്പ് കെട്ടിപ്പിടിച്ച് വിതുമ്പുന്ന ബ്രസീല്‍ ടീമിന്റെ പന്ത്രണ്ടാമത് കളിക്കാരന്‍ എന്ന വിശേഷണമുള്ള ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകമാധ്യമങ്ങല്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഗ്രൌണ്ട് വിടുന്നതിന് മുമ്പ് ലോകകപ്പിന്റെ ഡമ്മി ജര്‍മ്മന്‍ ആരാധികയ്‌ക്ക് കൈമാറിയ ശേഷമാണ് അദ്ദേഹം പോയത്.
1990 മുതല്‍ ലോകകപ്പ് മത്സരങ്ങളില്‍ ബ്രസീല്‍ കളിക്കുമ്പോള്‍ സ്റ്റേഡിയത്തിലെ സാന്നിധ്യമായ ക്ലോവിസ്. ലോകകപ്പ് കാണുവാനായി തന്‍റെ പിസ്സ റസ്റ്റോറന്‍റ് പോലും വിറ്റിട്ടുണ്ട്. 60 രാജ്യങ്ങളില്‍ നിന്നായി മഞ്ഞപ്പടയുടെ 150 മത്സരങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. കൂടാതെ ഏഴു ലോകകപ്പ് ഫൈനലുകളും കണ്ട അപൂര്‍വ വ്യക്തിത്വമാണ് ക്ളോവിസ് ഫെര്‍ണാണ്ടസ്.