അഭിറാം മനോഹർ|
Last Modified വെള്ളി, 8 ഒക്‌ടോബര്‍ 2021 (17:35 IST)
യുവേഫ നാഷൻസ് ലീഗ് സെമി ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ഫ്രാൻസിനെതിരെ തോൽവി ഏറ്റുവാങ്ങി ബെൽജിയം. സെമിഫൈനലിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു ബെൽജിയത്തിന്റെ തോൽവി. ഞായറാഴ്ച്ച രാത്രി 12.15 ന് നടക്കുന്ന ഫൈനലില്‍ ഫ്രാന്‍സ് സ്പെയിനിനെ നേരിടും. ഇറ്റലിയെ കീഴടക്കിയാണ് സ്‌പെയിന്‍ ഫൈനലില്‍ കടന്നത്.
കരീം ബെന്‍സമ (62), കൈലിയന്‍ എംബാപ്പെ (പെനാല്‍ട്ടി 69), തിയോ ഹെര്‍ണാണ്ടസ് (90) എന്നിവര്‍ ഗോള്‍ ഫ്രാന്‍സിനായി ഗോള്‍ നേടി. . യാനിക് കരാസ്‌കോ (37),റൊമേലു ലുക്കാക്കു (40) എന്നിവരാണ് ബെല്‍ജിയത്തിനായി ഗോള്‍ നേടിയത്. ആദ്യപകുതിയിൽ രണ്ട് ഗോളിന് മുന്നിട്ട് നിന്ന ബെൽജിയത്തെ അപ്രസക്തമാക്കുന്ന പ്രകടനമായിരുന്നു രണ്ടാം പകുതിയിൽ ഫ്രാൻസ് കാഴ്‌ച്ചവെച്ചത്.
ആദ്യപകുതിയിലെ തിരിച്ചടിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഫ്രാന്‍സ് കളിയിലേക്ക് തിരിച്ചു വരികയായിരുന്നു. കരീം ബെന്‍സമ ടീമിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ രണ്ടാം ഗോള്‍ പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. അന്റോയിന്‍ ഗ്രീസ്മാനെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചു. ഒടുവിൽ 90ആം മിനിറ്റിൽ തിയോ ഫെർണാണ്ടസിന്റെ ഗോളിലൂടെ ഫ്രാൻസ് ഫൈനൽ പ്രവേശനം ഉറപ്പാക്കുകയായിരുന്നു.
അതേസമയം ഇറ്റലിയുടെ അപരാജിത കുതിപ്പിന് തടയിട്ട സ്പാനിഷ് പടയാണ് ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ.