അഭിറാം മനോഹർ|
Last Modified വ്യാഴം, 16 മെയ് 2024 (12:51 IST)
ഇന്ത്യയുടെ ഫുട്‌ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു. ജൂണ്‍ ആറിന് കുവൈത്തിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് ശേഷം വിരമിക്കുമെന്ന് ഛേത്രി പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് 39കാരനായ താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
2005ല്‍ പാകിസ്ഥാനെതിരായ സൗഹൃദ മത്സരത്തിലായിരുന്നു ഛേത്രിയുടെ അരങ്ങേറ്റം. ആ കളിയില്‍ തന്നെ ഗോളും നേടി. 150 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നും 94 ഗോളുകള്‍ ഛേത്രി നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ സജീവമായി കളിക്കുന്നവരില്‍ ഗോള്‍നേട്ടത്തില്‍ മൂന്നാം സ്ഥാനത്താണ് താരം. 2012 എഎഫ്‌സി ചലഞ്ച് കപ്പിലാണ് ഛേത്രി ആദ്യമായി നായകനാകുന്നത്. നെഹ്‌റു കപ്പിലടക്കം രാജ്യത്തെ കിരീടത്തിലേക്ക് നയിക്കാന്‍ ഛേത്രിക്കായിട്ടുണ്ട്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഐ ലീഗിലും ബെംഗളുരു എഫ് സിയെ കിരീടനേട്ടത്തിലെത്തിക്കാനും ഛേത്രിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി 9 ക്ലബുകളില്‍ കളിച്ചിട്ടുണ്ട്.
അമേരിക്കയിലെ മേജര്‍ സോക്കര്‍ ക്ലബ് കന്‍സാസ് സിറ്റിക്കായും പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍ റിസര്‍വ് ടീമിനായും കളിച്ചിട്ടുണ്ട്. 2011ല്‍ അര്‍ജുന പുരസ്‌കാരവും 2019ല്‍ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ചു. ആറ് തവണ രാജ്യത്തെ മികച്ച ഫുട്‌ബോള്‍ താരമായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.