ഞാൻ കണ്ടെടോ ഞങ്ങളെ ആ പഴയ തലയെ, തോൽവിയിലും ധോനിയുടെ പ്രകടനം ആഘോഷിച്ച് ചെന്നൈ ആരാധകർ

MS Dhoni - Chennai Super Kings
MS Dhoni - Chennai Super Kings
അഭിറാം മനോഹർ| Last Modified തിങ്കള്‍, 1 ഏപ്രില്‍ 2024 (15:38 IST)
സീസണിലെ മൂന്നാം മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ പരാജയപ്പെട്ടെങ്കിലും ചെന്നൈ ആരാധകരെല്ലാം ഐപിഎല്‍ കിരീടം നേടിയ പോലെയാണ് മത്സരത്തെ ആഘോഷിക്കുന്നത്. മറ്റൊന്നും കൊണ്ടല്ല ചെന്നൈയുടെ വികാരമായ അവരുടെ തല തന്റെ പഴയകാല പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കാഴ്ചവെച്ച പ്രകടനമാണ് തോല്‍വിയിലും ആരാധകരെ ആവേശഭരിതരാക്കിയിരിക്കുന്നത്. പുതിയ സീസണിന് മുന്‍പ് പഴയ വിന്റേജ് സ്‌റ്റൈലില്‍ മുടി നീട്ടി വളര്‍ത്തിയാണ് ധോനി എത്തിയത്. ധോനിയുടെ അവസാന സീസണാകും നിലവില്‍ നടക്കുന്ന സീസണ്‍ എന്ന സൂചനകള്‍ക്കിടയിലാണ് ധോനിയുടെ വമ്പന്‍ പ്രകടനവും സംഭവിച്ചത്.

ധോനിയുടെ അവസാന സീസണായിരിക്കും ഇതെന്ന സൂചനകളുള്ളതിനാല്‍ തന്നെ മൈതാനത്ത് ധോനി നടത്തുന്ന ചെറിയ പ്രകടനങ്ങള്‍ പോലും ആഘോഷിക്കുന്ന തിരക്കിലാണ് ചെന്നൈ ആരാധകര്‍. കീപ്പിംഗിലെ പ്രകടനത്തിന് മാത്രമെ കഴിഞ്ഞ 2 മത്സരങ്ങളില്‍ ആര്‍ത്തുവിളിക്കാന്‍ ആരാധകര്‍ക്കായുള്ളുവെങ്കില്‍ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ബാറ്റ് കൊണ്ട് താരം വിസ്മയം തീര്‍ത്തു. ഡല്‍ഹിക്കെതിരെ 192 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് വേണ്ടി പതിനേഴാം ഓവറില്‍ ശിവം ദുബെ പുറത്തായതോടെയാണ് ധോനി ക്രീസിലെത്തിയത്. ഹോം ഗ്രൗണ്ട് അല്ലാതിരുന്നിട്ട് കൂടി ധോനി സ്‌റ്റേഡിയത്തിലിറങ്ങുമ്പോള്‍ 128 ഡെസിബല്‍ ശബ്ദമാണ് രേഖപ്പെടുത്തിയത്.

ധോനി മൈതാനത്ത് ഇറങ്ങുമ്പോള്‍ ചെന്നൈയ്ക്ക് വിജയിക്കാനായി 23 പന്തില്‍ 72 റണ്‍സാണ് വേണ്ടിയിരുന്നത്. എന്നാല്‍ തലദര്‍ശനം ലഭിച്ചപ്പോള്‍ വിജയമെന്നത് രണ്ടാമത്തെ മാത്രം കാര്യമായി ചെന്നൈ ആരാധകര്‍ക്ക് മാറി എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കാരണം ലക്ഷ്യത്തിലേക്കെത്തില്ലെന്ന് തെളിഞ്ഞിട്ടും ധോനി നേരിടുന്ന ഓരോ ബോളിനെയും ഓരോ ബൗണ്ടറികളെയും സിക്‌സുകളെയും വന്‍ കരഘോഷത്തിലാണ് ആരാധകര്‍ സ്വീകരിച്ചത്. മുകേഷ് കുമാറിന്റെ ആദ്യ പന്തില്‍ തന്നെ ബൗണ്ടറി നേടിയ ധോനി ആന്റിച്ച് നോര്‍ക്കിയ എറിഞ്ഞ അവസാന ഓവറില്‍ പഴയ ആ മഹിയായി അഴിഞ്ഞാട്ടമാണ് നടത്തിയത്. 16 പന്തില്‍ നിന്ന് 3 സിക്‌സും 4 ഫോറുമടക്കം 37 റണ്‍സാണ് താരം നേടിയത്. മത്സരം ചെന്നൈ പരാജയപ്പെട്ടെങ്കിലും 42 വയസ്സിലും വമ്പന്‍ ഷോട്ടുകള്‍ കൊണ്ട് കളം നിറയാമെന്ന് ധോനി തെളിയിച്ചതോടെ തോല്‍വിയിലും ചെന്നൈ ആരാധകര്‍ സൂപ്പര്‍ ഹാപ്പി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :