അങ്ങനെ സംഭവിച്ചാല്‍ ബ്രസീലും തോല്‍ക്കും ! അര്‍ജന്റീനയുടെയും ജര്‍മനിയുടെയും ഗതി വരുമോ എന്ന പേടിയില്‍ കാനറി ആരാധകര്‍

സൗദി അറേബ്യയോട് അര്‍ജന്റീനയും ജപ്പാനോട് ജര്‍മനിയും തോറ്റത് അവരുടെ ആരാധകരെ വലിയ രീതിയില്‍ നിരാശരാക്കിയിട്ടുണ്ട്

രേണുക വേണു| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (15:06 IST)

ഖത്തര്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി ബ്രസീല്‍ ഇന്ന് ഇറങ്ങുകയാണ്. സെര്‍ബിയയാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്ന് അര്‍ധരാത്രി 12.30 ന് (നാളെ പുലര്‍ച്ചെ) മത്സരം ആരംഭിക്കും. വിജയത്തില്‍ കുറഞ്ഞതൊന്നും ബ്രസീല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഈ ലോകകപ്പ് തുടങ്ങിയത് തന്നെ അട്ടിമറികളിലൂടെയാണ്. അത്തരമൊരു അട്ടിമറി നടക്കുമോ എന്ന പേടിയിലാണ് ബ്രസീല്‍ ആരാധകരും.

സൗദി അറേബ്യയോട് അര്‍ജന്റീനയും ജപ്പാനോട് ജര്‍മനിയും തോറ്റത് അവരുടെ ആരാധകരെ വലിയ രീതിയില്‍ നിരാശരാക്കിയിട്ടുണ്ട്. അതേ പോലെ ഇന്ന് സെര്‍ബിയയും ബ്രസീലിനെ കീഴടക്കുമോ എന്ന ആശങ്ക കാനറി ആരാധകര്‍ക്കുണ്ട്.

അര്‍ജന്റീനയും ജര്‍മനിയും തോറ്റ മത്സരങ്ങള്‍ക്ക് ചില സാമ്യതകളുണ്ട്. രണ്ട് മത്സരങ്ങളിലും അര്‍ജന്റീനയും ജര്‍മനിയുമാണ് ആദ്യം ഗോള്‍ നേടി ലീഡ് സ്വന്തമാക്കിയത്. അതും ആദ്യ പകുതിയില്‍ തന്നെ. ഇരുവരും ആദ്യ ഗോള്‍ നേടിയത് പെനാല്‍റ്റിയിലൂടെയാണ്. പിന്നീട് സൗദി അറേബ്യ അര്‍ജന്റീനയ്‌ക്കെതിരെയും ജപ്പാന്‍ ജര്‍മനിക്കെതിരെയും രണ്ട് ഗോളുകള്‍ തിരിച്ചടിക്കുകയായിരുന്നു.

ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടാന്‍ അവസര ലഭിച്ചാലും അത് ലക്ഷ്യത്തിലെത്തിക്കരുതെന്നാണ് ബ്രസീല്‍ ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അര്‍ജന്റീനയും ജര്‍മനിയും തോറ്റ പോലെ തങ്ങളും തോറ്റാലോ എന്ന പേടിയാണ് അവര്‍ക്ക് ! എന്തായാലും ബ്രസീല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. നെയ്മറും സംഘവും ആദ്യ കളിക്ക് ഇറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :