ഖത്തറില്‍ സ്പാനിഷ് ദുരന്തം; മുന്‍ ചാംപ്യന്‍മാര്‍ ലോകകപ്പില്‍ നിന്ന് പുറത്ത്, ചരിത്രം കുറിച്ച് മൊറോക്കോ

പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലെ വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ എതിരാളികള്‍

രേണുക വേണു| Last Updated: ചൊവ്വ, 6 ഡിസം‌ബര്‍ 2022 (23:41 IST)

ഖത്തര്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ മുന്‍ ചാംപ്യന്‍മാരെ അട്ടിമറിച്ച് മൊറോക്കോ. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 ത്തിനാണ് മൊറോക്കോയുടെ ജയം. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. നിശ്ചിത സമയത്തിലും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോളൊന്നും അടിച്ചില്ല. പോര്‍ച്ചുഗല്‍-സ്വിറ്റ്‌സര്‍ലന്‍ഡ് മത്സരത്തിലെ വിജയികളായിരിക്കും ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ എതിരാളികള്‍.


സ്പാനിഷ് താരങ്ങള്‍ക്ക് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഒറ്റ കിക്ക് പോലും ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബോനുവാണ് സ്‌പെയിന്റെ ലോകകപ്പ് മോഹങ്ങളെ തച്ചുടച്ചത്. സ്‌പെയിന്‍ നായകന്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, കാര്‍ലോസ് സോളര്‍ എന്നിവരുടെ കിക്കുകള്‍ യാസിന്‍ ബോനു തടുത്തിട്ടു. പാബ്ലോ സറാബിയയുടെ കിക്ക് പോസ്റ്റില്‍ തട്ടി തെറിച്ചു. മൂന്ന് കിക്കുകളും ലക്ഷ്യം കാണാതെ വന്നതോടെ സ്‌പെയിന്റെ ലോകകപ്പ് സ്വപ്‌നങ്ങളും പൊലിഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :