അഭിറാം മനോഹർ|
Last Modified ഞായര്‍, 20 ഒക്‌ടോബര്‍ 2024 (11:50 IST)
Lionel messi, Inter miami
അര്‍ജന്റീന ദേശീയ ടീമിനായി ഹാട്രിക്കടിച്ച് ദിവസങ്ങള്‍ക്കിപ്പുറം ക്ലബ് ഫുട്‌ബോളിലും ഹാട്രിക്കുമായി തിളങ്ങി സൂപ്പര്‍ താരം ലയണല്‍ മെസ്സി. എംഎല്‍എസ്സില്‍ ന്യൂ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്റര്‍ മയാമിയ്ക്കായാണ് മെസ്സി മിന്നും പ്രകടനം പുറത്തെടുത്തത്. മത്സരത്തില്‍ രണ്ടിനെതിരെ 6 ഗോളുകള്‍ക്ക് മിയാമി വിജയിച്ചു. പകരക്കാരനായി എത്തിയായിരുന്നു മെസ്സിയുടെ മാസ്മരിക പ്രകടനം.
2 ഗോളുകള്‍ വഴങ്ങിയ ശേഷമായിരുന്നു മയാമി മത്സരത്തിലേക്ക് തിരിച്ചെത്തിയത്. രണ്ടാം മിനിറ്റില്‍ ലൂക്ക ലങ്കോണി 34മത് മിനിറ്റില്‍ ഡൈലാന്‍ ബൊറോറോ എന്നിവരാണ് ന്യൂ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 40,43 മിനിറ്റുകളില്‍ വലക്കുലുക്കി സുവാരസ് ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 58മത് മിനിറ്റില്‍ ബെഞ്ചമിന്‍ ക്രമാഷിയിലൂടെ ഇന്റര്‍മയാമി ലീഡെടുത്തു. ഇതിന് പിന്നാലെയാണ് ലയണല്‍ മെസ്സി കളത്തിലെത്തിയത്.
മത്സരത്തിന്റെ 78മത്തെ മിനിറ്റിലാണ് മെസ്സി മത്സരത്തിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. 3 മിനിറ്റിനപ്പുറം വീണ്ടും വല കുലുക്കി. 89മത്തെ മിനിറ്റിലും ലക്ഷ്യം കണ്ട് മെസ്സി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കി. 11 മിനിറ്റിനിടെയായിരുന്നു മെസ്സിയുടെ ഹാട്രിക് പ്രകടനം.