Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

അതേസമയം ബൊളീവിയയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ജയിച്ചു

Lionel Messi
രേണുക വേണു| Last Modified ബുധന്‍, 16 ഒക്‌ടോബര്‍ 2024 (08:33 IST)
Lionel Messi

Lionel Messi: അടുത്ത ഫിഫ ലോകകപ്പില്‍ കളിക്കുമെന്ന സൂചന നല്‍കി അര്‍ജന്റീന നായകന്‍ ലയണല്‍ മെസി. ബൊളീവിയയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ഒരു മാധ്യമത്തോടു സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യം പറഞ്ഞത്. 'അടുത്ത ലോകകപ്പ് ആയിരിക്കും എന്റെ അവസാന ലോകകപ്പ്' എന്നാണ് റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു മെസി നല്‍കിയ മറുപടി.

'അര്‍ജന്റീന ജേഴ്‌സിയില്‍ നിങ്ങള്‍ കളിക്കുമ്പോള്‍ ലോകം മുഴുവനുള്ള ആളുകള്‍ താങ്കളെ സ്‌നേഹിക്കുന്നു. 2026 ലോകകപ്പ് വരെ തുടര്‍ന്നുകൂടെ?' എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ' ഞാന്‍ അര്‍ജന്റീന ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ ആളുകള്‍ എന്നെ സ്‌നേഹിക്കുകയും എന്റെ പേര് ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ഇതൊരു അനുഗ്രഹമാണ്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അടുത്ത ലോകകപ്പ് എന്റെ അവസാന ലോകകപ്പ് ആയിരിക്കും. ഞാന്‍ അത് ആവര്‍ത്തിക്കുന്നു,' മെസി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

അതേസമയം ബൊളീവിയയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് ജയിച്ചു. മെസി ഹാട്രിക് നേടി. ലൗത്താറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്, തിയാഗോ അല്‍മാഡ എന്നിവരും അര്‍ജന്റീനയ്ക്കായി എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചു. കോപ്പ അമേരിക്ക ഫൈനലിലെ പരുക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്ന മെസി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ ശേഷമുള്ള രണ്ടാമത്തെ മത്സരമായിരുന്നു ഇത്. ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ 22 പോയിന്റുമായി മെസിയും സംഘവും ഒന്നാം സ്ഥാനത്ത് തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :