ഒന്നും എളുപ്പമായിരുന്നില്ല, പിഎസ്ജിയിലെ ദുരനുഭവങ്ങൾ പങ്കുവെച്ച് മെസ്സി

അഭിറാം മനോഹർ| Last Modified ഞായര്‍, 25 ജൂണ്‍ 2023 (10:04 IST)
ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബായ പിഎസ്ജിയിലെ സാഹചര്യങ്ങളുമായി തനിക്ക് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ലെന്നും ഒരു വിഭാഗം ആരാധകരുടെ മോശമായ പെരുമാറ്റം ക്ലബ് വിടുന്നതില്‍ കാരണമായെന്നും മെസ്സി പറഞ്ഞു. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ ചേരാന്‍ തീരുമാനിച്ചതിന് പിന്നലെയാണ് ലയണല്‍ മെസ്സി പിഎസ്ജിയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. തുടക്കം മുതല്‍ തന്നെ പിഎസ്ജിയുമായി പൊരുത്തപ്പെടാന്‍ ഞാന്‍ ബുദ്ധിമുട്ടി. പ്രീ സീസണ്‍ ഉണ്ടായിരുന്നില്ല.

പുതിയ കളിരീതി,ടീമംഗങ്ങള്‍,പുതിയ നഗരം ഇതെല്ലാം എനിക്കും കുടുംബത്തിനും ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ഡ്രസിങ് റൂമില്‍ അടുത്തറിയുന്നവര്‍ ഉണ്ടായിരുന്നിട്ട് കൂടി പ്രതീക്ഷിച്ചതിലും പ്രയാസമുണ്ടായി. തുടക്കത്തില്‍ മികച്ച പ്രോത്സാഹനം ലഭിച്ചെങ്കിലും പിന്നീട് സ്ഥിതി മാറി. ആരാധകരുടെ മോശം പെരുമാറ്റം ഉണ്ടായത് വിഷമമുണ്ടാക്കി. തന്നെ ബഹുമാനിച്ചവരെ മാത്രമെ ഓര്‍ക്കുകയുള്ളുവെന്നും മെസ്സി പറഞ്ഞു.

ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് 2021ലാണ് മെസ്സി പിഎസ്ജിയിലെത്തിയത്. പിഎസ്ജിക്കായി 32 ഗോളും 35 അസിസ്റ്റുമാണ് മെസ്സി നേടിയിട്ടുള്ളത്. ബാഴ്‌സലോണയുടെയും സൗദി ക്ലബായ അല്‍ ഹിലാലിന്റെയും ഓഫറുകള്‍ നിരസിച്ചാണ് മെസ്സി ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :