ഹാളണ്ടിനല്ല, ഇത്തവണയും ബാലൺ ഡി ഓർ സാധ്യത മെസ്സിക്ക് തന്നെ:റൊണാൾഡോ

അഭിറാം മനോഹർ| Last Modified വെള്ളി, 16 ജൂണ്‍ 2023 (13:30 IST)
ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി തന്നെ നേടുമെന്ന് ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോ. മെസ്സിയും എര്‍ലിംഗ് ഹാളണ്ടുമാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് വേണ്ടിയുള്ള മത്സരത്തിന്റെ മുന്‍നിരയിലുള്ളത്. എന്നാല്‍ ഖത്തറിലെ ലോകകപ്പ് നേട്ടം മെസ്സിക്ക് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് റൊണാള്‍ഡോ പറയുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി യുവേഫ ചാമ്പ്യന്‍സ് ലീഗും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും എഫ് എ കപ്പും നേടാന്‍ ഹാളണ്ടിനായിരുന്നു. സീസണിലെ സിറ്റിയുടെ ടോപ് സ്‌കോറര്‍ കൂടിയായിരുന്നു ഹാളണ്ട്. 53 ഗോളും 9 അസിസ്റ്റുമാണ് സീസണില്‍ ഹാളണ്ട് നേടിയത്. പിഎസ്ജിക്കൊപ്പം ഫ്രഞ്ച് ലീഗ് സ്വന്തമാക്കിയ മെസ്സിക്ക് 38 ഗോളും 25 അസിസ്റ്റുമാണ് ഉള്ളത്. ട്രെബിള്‍ കിരീടവും 53 ഗോള്‍ നേട്ടവും സ്വന്തമായുണ്ടെങ്കിലും പ്രീമിയര്‍ ലീഗിലെയും എഫ് എ കപ്പിലെയും നോക്കൗട്ട് മത്സരങ്ങളില്‍ ഗോള്‍ നേടാന്‍ ഹാളണ്ടിനായിരുന്നില്ല. എന്നാല്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളിലും എല്ലാ നോക്കൗട്ട് മത്സരങ്ങളിലും ഗോള്‍ നേടാനും ടൂര്‍ണമെന്റിലെ താരമാകാനും മെസ്സിക്ക് കഴിഞ്ഞിരുന്നു. ലോകകപ്പ് നടക്കുന്ന വര്‍ഷങ്ങളില്‍ ലോകകപ്പിലെ പ്രകടനത്തിന് മുന്‍തൂക്കം നല്‍കുന്ന പതിവും ഉള്ളതിനാല്‍ ഈ വര്‍ഷം മെസ്സിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :