രേണുക വേണു|
Last Updated:
ചൊവ്വ, 15 ജൂണ്‍ 2021 (09:46 IST)
കോപ്പ അമേരിക്ക പോരാട്ടത്തിലെ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനില. ചിലെയ്ക്ക് എതിരായ മത്സരം 1-1 എന്ന നിലയില്‍ കലാശിക്കുകയായിരുന്നു. ഒരു ഗോളിന് മുന്നില്‍നിന്ന ശേഷമാണ് അര്‍ജന്റീന സമനില വഴങ്ങിയത്. ആദ്യ പകുതിയില്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് നേടികൊടുത്തത്. എന്നാല്‍, രണ്ടാം പകുതിയില്‍ ചിലെ തിരിച്ചടിച്ചു.
ആരാധകരുടെ മനസ് നിറയ്ക്കുന്നതായിരുന്നു മെസിയുടെ ഉജ്ജ്വലമായ ഫ്രീകിക്ക് ഗോള്‍. ഈ ഗോള്‍ നേട്ടത്തോടെ മറ്റൊരു റെക്കോര്‍ഡ് മെസി സ്വന്തമാക്കി. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഫ്രീ കിക്ക് ഗോളുകളെയാണ് മെസി മറികടന്നത്. 56 ഫ്രീ കിക്കുകളാണ് റൊണാള്‍ഡോ ഇതുവരെ ലക്ഷ്യത്തിലെത്തിച്ചതെങ്കില്‍ മെസിയുടെ ഫ്രീ കിക്ക് ഗോളുകളുടെ എണ്ണം 57 ആയി.
ഗോള്‍ നേടിയ ശേഷം മെസി നടത്തിയ അഹ്ലാദപ്രകടനവും ഏറെ ശ്രദ്ധേയമായി. ഇതിഹാസ താരം ഡീഗോ മറഡോണയെ അനുസ്മരിക്കുന്ന തരത്തിലായിരുന്നു ഫ്രീ കിക്ക് ഗോളിന് ശേഷം മെസിയുടെ ആഘോഷമെന്നാണ് ഫുട്‌ബോള്‍ ലോകം വിലയിരുത്തുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിട്ടുണ്ട്.