ലോകകപ്പ് നേടിയ മെസ്സിക്ക് പിഎസ്ജിയുടെ ആദരം, വിട്ടുനിന്ന് എംബാപ്പെ

അഭിറാം മനോഹർ| Last Modified വ്യാഴം, 5 ജനുവരി 2023 (13:46 IST)
ലോകകപ്പ് കിരീടം നേടിയതിന് ശേഷം അർജൻ്റീനയിലെത്തിയ ലയണൽ മെസ്സി കഴിഞ്ഞ ദിവസമാണ് പിഎസ്ജിയിലേക്ക് തിരിച്ചെത്തിയത്. മറ്റ് താരങ്ങളെല്ലാം തങ്ങളുടെ ക്ലബുകളിൽ നേരത്തെ തിരിച്ചെത്തിയെങ്കിലും മെസ്സിക്ക് പിഎസ്ജി കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ടീമിൽ തിരിച്ചെത്തിയ മെസ്സിക്ക് മികച്ച സ്വീകരണമാണ് പിഎസ്ജി ഒരുക്കിയത്.

ട്രെയ്നിങ്ങ് ഗ്രൗണ്ടിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് ടീം സ്വീകരിച്ചത്. നെയ്മർ,വെറാറ്റി,ഡോണരൂമ തുട്ടങ്ങി ടീമിലെ സഹതാരങ്ങളെല്ലാം മൈതാനത്തുണ്ടായിരുന്നു. എന്നാൽ ഏറെ ശ്രദ്ധേയമായത് പിഎസ്ജിയിലെ സഹതാരവും ഫ്രാൻസ് ടീമിലെ പ്രധാനിയുമായ എംബാപ്പെയുടെ അസാന്നിധ്യമായിരുന്നു.

ലോകകപ്പ് ഫൈനൽ കഴിഞ്ഞതിൻ്റെ രണ്ടാം ദിവസം തന്നെ എംബാപ്പെ പിഎസ്ജിയിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് നടന്ന രണ്ട് മത്സരങ്ങളിലും താരം കളിച്ചിരുന്നു. ഇത് പരിഗണിച്ച് താരത്തിന് അവധി ദിവസങ്ങൾ അനുവദിച്ചതിനെ തുടർന്നാണ് എംബാപ്പെ മെസ്സിയെ സ്വീകരിക്കുന്ന പരിപാടിയിൽ നിന്ന് വിട്ട് നിന്നത്. കളിക്കളത്തിൽ ലയണൽ മെസ്സി,എംബാപ്പെ,നെയ്മർ ജൊഡിയെ വീണ്ടും കാണാമെന്ന ആവേശത്തിലാണ് കളിപ്രേമികൾ. ലോകകപ്പ് വിജയത്തിന് പിന്നാലെ ചാമ്പ്യൻസ് ലീഗായിരിക്കും മെസ്സി ഇനി ലക്ഷ്യം വെയ്ക്കുന്നത്. അതും നേടാനായാൽ താരത്തിൻ്റെ ഏറ്റവും അവിസ്മരണീയമായ ഫുട്ബോൾ സീസണാകും ഇത്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :