അഭിറാം മനോഹർ|
Last Modified ചൊവ്വ, 28 ഫെബ്രുവരി 2023 (20:20 IST)
ഖത്തർ ലോകക്കപ്പിന് ശേഷം അർജൻ്റൈൻ ആരാധകർക്ക് ആഘോഷിക്കാനുള്ള അവസരമായിരുന്നു ഇത്തവണത്തെ ഫിഫ ദ ബെസ്റ്റ് പുരസ്കാരങ്ങൾ. പുരസ്കാരങ്ങളിൽ അർജൻ്റീന ആധിപത്യം പുലർത്തിയപ്പോൾ മികച്ച താരത്തിനും പരിശീലകനും ഗോളിയ്ക്കുമുള്ള പ്രധാന പുരസ്കാരങ്ങളെല്ലാം തന്നെ അർജൻ്റൈൻ താരങ്ങൾ സ്വന്തമാക്കി. മികച്ച പരിശീലകനായി ലയണൽ സ്കലോണിയും മികച്ച പുരുഷ താരമായി ലയണൽ മെസ്സിയും മികച്ച ഗോളിയായി എമിലിയാനോ മാർട്ടിനെസുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്.
ദേശീയ ടീമിൻ്റെ നായകനും പരിശീലകനുമാണ് ഫിഫ ദ ബെസ്റ്റ് അവാർഡ്സിൽ വോട്ട് ചെയ്യാനുള്ള അർഹതയുള്ളത്. അർജൻ്റീന നായകനായ ലയണൽ മെസ്സിയും പരിശീലകൻ സ്കലോണിയും ആർക്കെല്ലാമാണ് വോട്ട് ചെയ്തതെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തൻ്റെ ക്ലബായ പിഎസ്ജിയിലെ സഹതാരങ്ങളായ നെയ്മർ, കിലിയൻ എംബാപെ എന്നിവർക്കാണ് മെസ്സിയുടെ ആദ്യ രണ്ട് വോട്ടൂകൾ. മൂന്നാമത്തെ വോട്ട് റയൽ മാഡ്രിഡ് താരമായ കരിം ബെൻസേമയും സ്വന്തമാക്കി.
അതേസമയം ലയണൽ മെസ്സിയ്ക്കും മറ്റൊരു അർജൻ്റീന താരമായ ജൂലിയൻ ആൽവാരസിനുമാണ് സ്കലോണിയുടെ ആദ്യ രണ്ട് വോട്ടുകൾ. മൂന്നാമത്തെ വോട്ട് ക്രൊയേഷ്യൻ നായകനും റയൽ താരവുമായ ലൂക്ക മോഡ്രിച്ചിനാണ് സ്കലോണി നൽകിയത്.